ജറുസലേം: ജയിലിനുള്ളില്‍ നിന്ന് പുറത്തേക്ക് വലിയ തുരങ്കം കുഴിച്ച് അതീവ സുരക്ഷയുള്ള ഇസ്രായേല്‍ ജയിലില്‍ നിന്നും ആറ് പലസ്തീന്‍ തടവുകാര്‍ ജയില്‍ ചാടി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നാലു പേരും പ്രത്യേക തടവിന് വിധിക്കപ്പെട്ട ഒരാളും ശിക്ഷ കാത്തിരിക്കുന്ന മറ്റൊരാളുമാണ് തടവുചാടിയത്. ജയില്‍ ചാടിയവര്‍ക്ക് വേണ്ടി പോലീസും സൈന്യവും അന്വേഷണം ആരംഭിച്ചു.
ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പലസ്തീന്‍ തടവുകാരെ പാര്‍പ്പിക്കുന്ന ഗില്‍ബോവ ജയിലില്‍ നിന്നുമാണ് കുറ്റവാളികള്‍ രക്ഷപെട്ടത്. ആറുപേര്‍ കൊല്ലപ്പെട്ട ഇസ്രായേലിലെ ലിക്കുഡ് പാര്‍ട്ടി ഓഫീസിലുണ്ടായ ബോംബ് സ്ഫോടന കേസിലെ മുഖ്യപ്രതിയും അല്‍ അഖ്സ ബ്രിഗേഡിന്റെ മുന്‍ കമാന്‍ഡറുമായ സക്കരിയ സുബൈദി അടക്കമുള്ളവരാണ് അതീവസുരക്ഷാ ക്രമീകരണങ്ങളെ അതിജീവിച്ച് രക്ഷപ്പെട്ടത്.
പ്രമുഖ ഇസ്രായേല്‍ നഗരമായ വെസ്റ്റ് ബാങ്ക് അതിര്‍ത്തിയില്‍ നിന്നും നാലു കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജയിലില്‍ ഒരേ സെല്ലിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. തുരങ്കമുണ്ടാക്കാന്‍ ഇവര്‍ ഉപയോഗിച്ചത് തുരുമ്പിച്ച ഒരു സ്പൂണ്‍ ആയിരുന്നു എന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ കുറേ മാസങ്ങളായി കുഴിച്ചുണ്ടാക്കിയതാണ് ഈ തുരങ്കമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
വയലില്‍ അസാധാരണമായ കുഴി കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ പോലീസില്‍ വിവരമറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് മറ്റ് പലസ്തീന്‍ തടവുകാരെ കൂടുതല്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.