ഭോപ്പാല്‍: സര്‍വകലാശാലകളിലെ വിസിമാരുടെ പേര് കുലപതികളെന്നാക്കിയ നടപടി വീണ്ടും മാറ്റാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കം. കുലപതിയെന്നതിന് പകരം കുലഗുരു എന്നാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി മോഹന്‍ യാദവ് പറഞ്ഞു. ഇക്കാര്യം മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുലപതിയെന്നതിനേക്കാള്‍ ജനങ്ങളോട് അടുത്തുനില്‍ക്കുന്നത് കുലഗുരുവാണെന്നാണ് മന്ത്രി നല്‍കുന്ന വിശദീകരണം. ഈ പേരില്‍ അറിയപ്പെടുന്നതാണ് നല്ലതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ മജിസ്ട്രേറ്റിന്റെ പേര് ജില്ലാധേഷ് എന്നാക്കുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ മധ്യപ്രദേശിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സിലബസില്‍ ആര്‍ എസ് എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാര്‍, സംഘപരിവാര്‍ നേതാവായിരുന്ന ദീനദയാല്‍ ഉപാധ്യയ എന്നിവരുടെ ജീവചരിത്രം ഉള്‍പ്പെടുത്തിയിരുന്നു.
സാമൂഹികവും മെഡിക്കല്‍പരവുമായ ധാര്‍മ്മികത വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. ആയുര്‍വേദത്തില്‍ പ്രധാന സംഭാവനകള്‍ നല്‍കിയിട്ടുള്ള മഹര്‍ഷി ചരകനെക്കുറിച്ചും, ഇന്ത്യയിലെ ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന സുശ്രുത് മുനിയെക്കുറിച്ചും പാഠഭാഗങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.