വിഎസ്എസ് സി യിലേക്ക് ഉപകരണങ്ങളുമായെത്തിയ വാഹനം തടഞ്ഞ സംഭവം; 50 പേര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: വിഎസ്എസ് സിയിലേക്ക് ഉപകരണങ്ങളുമായെത്തിയ വാഹനം തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. തുമ്പ പോലിസാണ് കേസെടുത്തത്. അന്യായമായി സംഘംചേരല്‍, മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കല്‍, ഔദ്യോഗിക വാഹനം തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വിഎസ്എസ് സിയിലേക്ക് ഉപകരണങ്ങളുമായെത്തിയ ചരക്ക് വാഹനമാണ് ഇന്നലെ പ്രദേശവാസികള്‍ തടഞ്ഞത്. ഉപകരണത്തിന്റെ കയ്യറ്റിറക്കില്‍ നാട്ടുകാരായ തൊഴിലാളികളെ പങ്കാളികളാക്കണം എന്നും ഇതിന് കൂലി നല്‍കണം എന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാര്‍ സ്ഥലത്തു സംഘടിച്ചത്.

പൂര്‍ണമായും യന്ത്ര സഹായത്തോടെ ഉപകരണം ഇറക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് കൂലി നൽകാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ഉപകരണങ്ങള്‍ ഇറക്കാന്‍ നോക്കുകൂലി വേണമെന്നാവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വിഎസ്എസ് സി അധികൃതര്‍ പറഞ്ഞു.

പോലിസും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തില്‍ ആകെയുള്ളത് 184 ടണ്ണാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടു. അധികൃതരും പോലിസും നാട്ടുകാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ നാട്ടുകാരുടെ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.