അടിമാലി: പണിക്കൻകുടിയിൽ യുവതിയെ കൊന്ന് അടുക്കളയിൽ കുഴിച്ചുമൂടിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ബിനോയ് കസ്റ്റഡിയിൽ. ദിവസങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പെരിഞ്ചാംകുട്ടിയിൽനിന്നാണ് പോലീസ് പിടികൂടിയത്. ഇവിടെ തോട്ടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
സെപ്റ്റംബർ മൂന്നാം തീയതിയാണ് തങ്കമണി സ്വദേശി സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തത്. വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹം. മൂന്നാഴ്ച മുമ്പ് സിന്ധുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ നൽകിയിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന ബിനോയി ഒളിവിൽപോവുകയും ചെയ്തു.
ഇതിനിടെ, സിന്ധുവിന്റെ മകന് തോന്നിയ സംശയത്തെ തുടർന്നാണ് ബന്ധുക്കൾ ബിനോയിയുടെ വീട്ടിലെ അടുക്കളയിൽ പരിശോധന നടത്തിയിരുന്നു. അടുക്കളയിലെ അടുപ്പിന്റെ തറ പൊളിച്ച് പരിശോധന നടത്തിയതോടെയാണ് യുവതിയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതിയെ കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
അടുക്കളയിലെ നിർമാണപ്രവൃത്തികൾ അറിയാതിരിക്കാൻ ചാരം വിതറുകയും ചെയ്തിരുന്നു. സിന്ധുവിനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അലംഭാവം കാണിച്ചെന്ന് നേരത്തെ തന്നെ ബന്ധുക്കൾ ആരോപിച്ചിരുന്നു. മകൻ അടുക്കളയെക്കുറിച്ച് സംശയം പറഞ്ഞിട്ടും പോലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും ആരോപണമുണ്ടായിരുന്നു.
ഇതിനിടെയാണ് ബിനോയ് നാടുവിട്ടത്. പിന്നീട് ആറാംക്ലാസുകാരന്റെ സംശയത്തെ തുടർന്ന് ബന്ധുക്കൾ തന്നെ ബിനോയിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്നാണ് കാണാതായ ബിനോയ്‌ക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയത്.