ക്വാറന്റീൻ നിരീക്ഷിക്കാൻ ആപ്പ്; സ്വകാര്യതയുടെ ലംഘനമെന്ന് വാദം; ആശങ്കയും ആശയക്കുഴപ്പവും ശക്തം

തിരുവനന്തപുരം: നിരവധി ആപ്പുകളിറിക്കി പരാജയപ്പെട്ട കേരളത്തിൽ കൊറോണ രോഗികളെ നിരീക്ഷിക്കാനുള്ള പൊലീസിന്‍റെ കൊറോണ സേഫ്റ്റി ആപ്പിനെ ചൊല്ലി ആശയക്കുഴപ്പവും ആശങ്കയും. ക്വാറന്റീന്‍ ലംഘകരെ കണ്ടെത്താന്‍ കൊറോണ സേഫ്റ്റി ആപ്പ് ഉപയോഗിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന വാദം ശക്തമാകുമ്പോള്‍ ഏത് ആപ്പ് ഉപയോഗിക്കണമെന്ന കാര്യത്തില്‍ പൊലീസിനും വ്യക്തതയില്ല.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ക്വാറന്റിനീലുള്ളവരെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്ത ശേഷം പൊലീസ് നല്‍കിയ നിര്‍ദേശം എല്ലാവരും ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ്. ഈ ലിങ്കിലേക്ക് എത്തുമ്പോള്‍ അത് പൊലീസിന്റെ കൊറോണ സേഫ്റ്റി ആപ്പിലേക്കാണെത്തുക. എവിടെയൊക്കെ പോവുന്നുവെന്നത് നിരീക്ഷിക്കാനാണ് ആപ്പെന്ന് തുടക്കത്തില്‍ തന്നെ പറയുന്നു. ആപ്പ് ഉപയോഗിക്കാത്തപ്പോള്‍ പോലും ഇത് പ്രവര്‍ത്തിച്ച്‌ വിവരങ്ങളെടുക്കും.

നിര്‍ബന്ധിതമായി ഇത് ചെയ്യുന്നതിലൂടെ സ്വകാര്യത ലംഘിക്കുകയാണെന്നാണ് ഒരു വിമര്‍ശനം. അതേസമയം ഏത് ആപ്പാണ് ഉപയോഗിക്കുന്നത് എന്നതില്‍ സംസ്ഥാനത്ത് പൊലീസില്‍ ഏകീകൃത രൂപമില്ല. കൊറോണ സേഫ്റ്റി ആപ്പ് സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെന്നും ഫോണ്‍ നമ്പര്‍ മാത്രം ശേഖരിച്ച്‌ പൊലീസിന്റെ കൈവശമുള്ള പ്രത്യേക ആപ്പിലൂടെ മാത്രമാണ് വിവരങ്ങള്‍ എടുക്കുന്നതെന്നും പൊലീസ് വിശദീകരിക്കുന്നു.

ആപ്പിലൂടെ സ്വകാര്യ വിവരങ്ങളെടുക്കുന്നില്ലെന്നും എന്നാല്‍ ക്വാറന്റീനിലുള്ളവരുടെ നീക്കം നിരീക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ ഫോണ്‍ വിശദാംങ്ങളെടുക്കാനുള്ള നീക്കമടക്കം പൊലീസിന്റെ ഇടപെടല്‍ നേരത്തെ വിവാദമായിരുന്നു.

പൊതുജനാരോഗ്യ വിഷയത്തില്‍ പൊലീസ് ഇടപെടല്‍ തന്നെ അനുവദിക്കാവുന്നതല്ലെന്ന വാദവും ശക്തമാണ്. ക്വാറന്‍റീന്‍ കര്‍ശനമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അത് എങ്ങനെ നടപ്പാക്കുമെന്ന പ്രശനമാണ് നിലവിലുള്ളത്.