കൊച്ചി: ഷിപ്പ് യാര്‍ഡില്‍ നിര്‍മാണത്തിലിരിക്കുന്ന ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് അജ്ഞാത ഭീഷണി സന്ദേശം. കപ്പല്‍ശാലയിലെ ജീവനക്കാര്‍ക്ക് ലഭിച്ച ഇ-മെയ്ല്‍ സന്ദേശത്തെത്തുടര്‍ന്ന് കൊച്ചി പൊലീസ് കേസെടുത്തു. വിമാനവാഹിനിക്കപ്പലില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
കപ്പല്‍ ബോംബിട്ട് തകര്‍ക്കുമെന്ന ഇമെയ്ല്‍ സന്ദേശമാണ് കപ്പല്‍ശാലയിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. കപ്പല്‍ശാല നല്‍കിയ പരാതിയില്‍ കൊച്ചി സൗത്ത് പൊലീസ് ഐടി നിയമപ്രകാരം കേസെടുത്തു. കപ്പലിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങളെല്ലാമടങ്ങിയതാണ് ഇമെയ്ല്‍ എന്നതിനാല്‍ ഭീഷണിയെ ഗൗരവത്തിലാണ് പൊലീസ് കാണുന്നത്.
വിമാനവാഹിനിക്കപ്പലിലും ഇതിനടുത്തുണ്ടായിരുന്ന മറ്റ് നാല് കപ്പലുകളിലും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. അജ്ഞാത ഇമെയിലിന്‍റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
കപ്പല്‍ നിര്‍മാണം പുരോഗമിക്കുന്നതിനിടെ അഫ്ഗാന്‍ പൗരന്‍ കപ്പല്‍ശാലയില്‍ ജോലി ചെയ്തത് വിവിധ ഏജന്‍സികള്‍ അന്വേഷിച്ച് വരുന്നതിനിടയാണ് പുതിയ സംഭവം. അഫ്ഗാന്‍ പൗരന് ഭീകരബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെങ്കിലും ഇയാള്‍ പാക്കിസ്ഥാനിലും ജോലി ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് എന്‍ഐഎയ്ക്ക് വിടാന്‍ പൊലീസ് തീരുമാനിച്ചിരുന്നു.