വിഎസ്എസ് സിയിലേക്ക് കൂറ്റൻ യന്ത്രഭാഗങ്ങൾ എത്തിച്ച ലോറി കൊച്ചുവേളിയിൽ നാട്ടുകാർ തടഞ്ഞു

തിരുവനന്തപുരം: തുമ്പ വിഎസ്എസ് സിയിൽ നിർമിക്കുന്ന ട്രൈസോണിക് വിൻഡ് ടണലിനായി കൂറ്റൻ യന്ത്രഭാഗങ്ങൾ എത്തിച്ച ലോറി കൊച്ചുവേളിയിൽ നാട്ടുകാർ തടഞ്ഞു. ഐഎസ്ആർഒയുടെ വിൻടണൽ പ്രോജക്റ്റിന് വേണ്ടിയുള്ള കൂറ്റൻ സിൻടാക്സ് ചേമ്പറുകൾകയറ്റിയ രണ്ട് ആക്സിലുകളാണ് ലോറിയിലുള്ളത്. ദിവസങ്ങളെടുത്ത് റോഡുമാർഗ്ഗമാണ് ഈ കാർഗോ കൊണ്ടുവന്നത്. വിഎസ്എസ് സിയിലേക്കുള്ള ചെറിയ റോഡുവഴി ഇത് കൊണ്ടുപോകുന്നത് വലിയ നാശനഷ്ടമുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ വാദം.

പ്രദേശവാസികളൊന്നടങ്കം കാർഗോ കൊണ്ടുവന്ന ലോറി തടയാൻ രംഗത്തെത്തുകയായിരുന്നു. ടണ്ണിന് രണ്ടായിരം രൂപയെങ്കിലും പണം വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഇപ്പോൾ സംഘർഷത്തിന് അയവ് വന്നിട്ടുണ്ട്. വിഎസ്എസ് സി അധികൃതരും നാട്ടുകാരുടെ പ്രതിനിധികളും തമ്മിൽ ചർച്ച നടക്കുകയാണ്. പത്ത് ലക്ഷം രൂപയെങ്കിലും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്ന് വിഎസ്എസ് സി അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.

10 മീറ്റർ നീളവും 5.5 മീറ്റർ വ്യാസവുമുള്ള രണ്ട് ചേമ്പറുകളാണ് കണ്ടെയ്നർ ലോറിയിൽ എത്തിക്കുന്നത്. 44 ചക്രങ്ങളാണ് ചേംബറുകൾ കയറ്റിയ ആക്സിലൂകൾക്ക് ഉള്ളത്. ഇതു കടന്നുപോകുമ്പോൾ റോഡിലൂടെ മറ്റ് വാഹനങ്ങളെ കടത്തിവിടാനാകില്ല. റോഡിലേക്ക് ചാഞ്ഞിട്ടുള്ള മരച്ചില്ലകൾ ഉയർത്തി വൈദ്യുത ലൈനുകളും കേബിളുകളും മാറ്റണം. നിരവധി ജീവനക്കാർ ട്രെയിലറിനൊപ്പം സഞ്ചരിച്ചാണ് വാഹനത്തെ കടത്തിവിടുന്നതും അഴിച്ചുമാറ്റിയ ലൈനുകൾ പുനഃസ്ഥാപിക്കുന്നതും.

സ്പെയ്സ് ക്രാഫ്റ്റുകളും റോക്കറ്റുകളും അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമാണ് ട്രൈസോണിക് വിൻഡ് ടണൽ. യന്ത്രഭാഗങ്ങൾ പുണെയിലാണ് നിർമിച്ചത്. പുണെയിൽനിന്ന് റോഡ് മാർഗം മുംബൈയിലും തുടർന്ന് കടൽമാർഗം കൊല്ലം തുറമുഖത്തും എത്തിച്ചു.