തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അതിർത്തിയിൽ നിരീക്ഷണം ശക്തമാകാൻ തമിഴ്നാട് ആരോഗ്യ വകുപ്പ് നിർദേശം നൽകി. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകൾക്കുമാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര നിർദേശം.
ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ, തദ്ദേശ സ്ഥാപന മേധാവികൾ എന്നിവരോട് ഏത് തരത്തിലുള്ള പകർച്ചവ്യാധിയും ഉടൻ റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിരിക്കുന്നത്. ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി.
സംസ്ഥാനത്തെ നടുക്കിയ നിപ വൈറസിന്റെ മൂന്നാം വരവിൽ, മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തിയത്.
ഇതിൽ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ഇപ്പോൾ. നിപ ലക്ഷണങ്ങളുളള രണ്ട് പേരെ മെഡിക്കല്‍ കോളേജിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.