കോട്ടയം: ഡിസിസി അധ്യക്ഷന നിയമനവുമായി ബന്ധപ്പെട്ടുള്ള ശീതസമരവും കൊഴിഞ്ഞുപോക്കും തുടരുന്നതിനിടെ ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് വി ഡി സതീശന്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് സംസാരിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച. സതീശൻ്റെ നിലപാടുകളും പ്രതികരണങ്ങളും അപക്വമാണെന്ന് പാർട്ടിയിൽ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെയാണ് കൂടിക്കാഴ്ച.
ചാടിക്കയറി പറഞ്ഞ അഭിപ്രായങ്ങൾ സതീശന് തന്നെ കുരുക്കായ സാഹചര്യത്തിൽ
നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമവായത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം. കോൺഗ്രസിൽ നിർണായക സ്ഥാനങ്ങളും കാര്യമായ സ്വാധീനവും ഇല്ലാത്ത സതീശൻ സീനിയർ നേതാക്കളെ മൂലയ്ക്കിരുത്താൻ ശ്രമിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് ഘടകക്ഷികളിൽ നിന്നടക്കം പ്രതികരണം ഉണ്ടായതോടെയാണ് സതീശൻ പുനർവിചിന്തനത്തിന് ഒരുങ്ങിയത്.
കോണ്‍ഗ്രസാണ് ഫസ്റ്റെന്നും ഗ്രൂപ്പ് സെക്കന്റാണെന്നും അരമണിക്കൂറോളം നേരം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ചര്‍ച്ചകളോട് അനുഭാവപൂര്‍വ്വം പ്രതികരിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ”പഴയ കാര്യങ്ങള്‍ പറയാനില്ല. ചര്‍ച്ചകളാണ് കോണ്‍ഗ്രസിന്റെ ശൈലി. കോണ്‍ഗ്രസാണ് വലുത്. കോണ്‍ഗ്രസ് ഫസ്റ്റും, ഗ്രൂപ്പ് സെക്കന്‍ഡുമാണ്. കോണ്‍ഗ്രസില്‍ ചില പ്രശ്‌നങ്ങളുണ്ട്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ ഉണ്ടായതില്‍ വേദനയുണ്ട്. ചര്‍ച്ചകളിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കും. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ട്’ – ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം മുതിര്‍ന്ന നേതാക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് വി ഡി സതീശനും പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രയാസമുണ്ടാക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ല. കോണ്‍ഗ്രസ് ജനാധ്യപത്യ പാര്‍ട്ടിയാണ്. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിച്ച് മുന്നോട്ട് പോകും. പിണക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇണക്കത്തിന്റെ ശക്തി കൂടുമെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. അതില്‍ കീഴടങ്ങലോ വിധേയത്വമോ ഇല്ല.
അനുവാദം ചോദിക്കാതെ പുതുപ്പള്ളിയിലേക്ക് വരാനുള്ള സ്വാതന്ത്ര്യവും തനിക്കുണ്ടെന്നും രമേശ് ചെന്നിത്തലയെയും നേരില്‍ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ വി ഡി സതീശന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുകയല്ല പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്റെ ജോലിയെന്നും പ്രതികരിച്ചു.
മുഖ്യമന്ത്രിക്കും ബിജെപിക്കും മറുപടി നല്‍കുകയാണ് തന്റെ ദൗത്യം. എന്നാല്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ണായക യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് സതീശന്‍ ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയത്.
എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതിനിടെ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ കെസി വേണുഗോപാൽ വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡില്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും വി ഡി സതീശനെയും മുന്നിൽ നിർത്തിയാണ് വേണു ഗ്രൂപ്പ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടിയില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകാണ്. പുതിയ നേതൃത്വത്തെ അംഗീകരിക്കാന്‍ ഇവര്‍ ശ്രമം നടത്തുന്നില്ല. ഈ സാഹചര്യം നേരിടാന്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ആവശ്യമാണെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.