കോഴിക്കോട്: കൊറോണയെന്ന മഹാമാരിയെക്കുറിച്ച് കേരളം ആശങ്കപ്പെടും മുന്‍പ് സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ വൈറസ് ബാധയാണ് നിപ. കോഴിക്കോട് ആയിരുന്നു സംസ്ഥാനത്തെ ആദ്യ നിപ ബാധ റിപ്പോര്‍ട്ട് ചെയ്തത്. മസ്തിഷ്‌ക ജ്വരമെന്നായിരുന്നു നിപ വൈറസിനെ ആദ്യം സംശയിച്ചത്. കേരളത്തിന്റെ ആരോഗ്യ മേഖല അത് വരെ കേട്ടതും പരിചയിച്ചതിനുമൊക്കെയും അപ്പുറം ഒരു വലിയ പകര്‍ച്ച വ്യാധിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. 2018 മെയില്‍ റിപ്പോര്‍ട്ട് ചെയ്ത് ഓഗസ്റ്റോടെ നിപ നിയന്ത്രണ വിധേയമായതായി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ അതിനോടകം 18 ജീവനുകളാണ് നിപയില്‍ പൊലിഞ്ഞത്.
കോഴിക്കോട് ചെങ്ങരോത്ത് ഗ്രാമത്തിലായിരുന്നു നിപയുടെ ഉറവിടം. മെയ്-5 ന് മരിച്ച സൂപ്പിക്കട സാബിത്തിന് നിപ പോസിറ്റീവണെന്ന അറിഞ്ഞതോടെ ആ ജനങ്ങളുടെ സ്വാഭാവിക ജീവിതം നിലച്ചു. അധികം താമസിക്കാതെ സാബിത്തിന്റെ സഹോദരന്‍ സാലിഹ്,സഹോദരി മറിയം,പിതാവ് മൂസ എന്നിവരും ഇതേ ലക്ഷണങ്ങളില്‍ മരിച്ചു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാലിഹിന്റേതാണ് മസ്തിഷക ജ്വരമാണോ എന്ന് സംശയിച്ചത്. അവിടെ നിന്നും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് രോഗം നിപയാണെ സ്ഥിരീകരണത്തെലെത്തുകയും കാര്യങ്ങള്‍ അതിവേഗത്തിലാക്കിയതും.
പക്ഷെ രോഗപ്പകര്‍ച്ച തടയാനുള്ള സമയം അതിക്രമിച്ചു പോയിരുന്നു. പിന്നീട് നാട് സ്തംഭിക്കുന്നതാണ് കണ്ടത്. ഇതോടെ ആളൊഴിഞ്ഞ കവലകളും ബസുകളും കോഴിക്കോട് പതിവ് കാഴ്ചയായി. പേരാമ്പ്ര ഒറ്റപ്പെടുന്ന സ്ഥിതിയിലേക്കായി കാര്യങ്ങള്‍. കോഴിക്കോട് ഏറ്റവും തിരക്കുള്ള മിഠായിത്തെരുവ് പോലും നിശ്ബദമായി പോയ നാളുകളായിരുന്നു അത്. മെയ് 21-ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശ്ശേരി നിപ ബാധിതയായി മരണത്തിന് കീഴടങ്ങി. ഇത് സംസ്ഥാനത്തെയൊന്നാകെ നൊമ്പരപ്പെടുത്തിയ ഒന്നായിരുന്നു.
മരണസംഖ്യ ഭയപ്പെടുത്തിയെങ്കിലും അതിജീവനത്തിലൂടെ പ്രതീക്ഷ നല്‍കിയ രണ്ടു പേരും സംസ്ഥാനത്തുണ്ടായിരുന്നു. മലപ്പുറം വെന്നിയൂര്‍ സ്വദേശി ഉബീഷും കോഴിക്കോട്ടുകാരി അജന്യയും. 2019ല്‍ വീണ്ടും ഭയപ്പെടുത്തി നിപയെത്തി. 2018 ഓഗസ്‌റ്റോടെ നിപയ്ക്ക് അവസാനം കുറിച്ചുവെന്ന് കരുതിയിരിക്കുമ്പോഴായിരുന്നു ഇത്. എറണാകുളം സ്വദേശിയായ 23 കാരനായിരുന്നു രോഗം സ്ഥിരീകരിച്ചത്. എന്തായാലും മറ്റ് പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലാതെ വിദ്യാര്‍ഥി രോഗ മുക്തനായി.
ജൂണിൽ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 100 ഓളം പേരെ നിരീക്ഷണത്തിന് വിധേയരാക്കി. പഴം തീനി വവ്വാലുകളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടര്‍ന്നതെന്നും സര്‍ക്കാര്‍ സ്ഥിരീകരിച്ചു. അസുഖം മൂലം മരിച്ച കോഴിക്കോട്ട് ചെങ്ങരോത്ത് പഞ്ചായത്തിലെ മൂന്നു പേര്‍ ഒരേ വീട്ടിലുള്ളവരായിരുന്നു. ഇതാണ് വൈറസ് ആകാം കാരണം എന്ന നിഗമനത്തിലെത്തിച്ചത്.
പൂനേയിലേക്ക് അയച്ച രക്തസാമ്പിളുകള്‍ എല്ലാം വൈറസ് ബാധ ശരി വയ്ക്കുന്നവയായിരുന്നു. തുടര്‍ന്ന് വീടിനു ചുറ്റുമുള്ള സ്ഥലങ്ങള്‍ പരിശോധിക്കുകയും അടുത്തുള്ള കിണറ്റില്‍ പ്രത്യേക ഇനത്തിലുള്ള വവ്വാലുകള്‍ കൂട്ടമായി വസിക്കുന്നതായി കണ്ടെത്തുകയും ചെയ്തു.
അതില്‍ മൂന്നു വവ്വാലുകളെ പരിശോധനക്കായി അയക്കുകയും ചെയ്തു. കൂടാതെ 5 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ നിന്ന് പന്നികളുടേയും മറ്റും മൂത്രവും മറ്റും പരിശോധനക്കായി ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെകൂരിറ്റി ആനിമല്‍ ഡിസീസസിലേക്ക് അയക്കുകയുണ്ടായി. എന്നാല്‍ ഇവയില്‍ വൈറസ് ബാധ ഇല്ല എന്ന നിഗമനത്തിലാണ് എത്തിയത്.