കൊല്ലം: പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ അമ്മയ്ക്കും മകനും നേരെ സദാചാരഗുണ്ടാ ആക്രമണം നടത്തിയ കേസിലെ പ്രതിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.പ്രതി ആശിഷ് മുമ്പും പലരെയും ആക്രമിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. അതേസമയം ബീച്ചില്‍ രണ്ടാഴ്ച മുമ്പ് നടന്ന മോഷണത്തെ കുറിച്ച് പരാതി നല്‍കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന പരാതിയുമായി യുവതി രംഗത്തു വന്നു.
എഴുകോണ്‍ സ്വദേശികളായ അമ്മയെയും മകനെയും ആക്രമിച്ച ആശിഷ് ഷംസുദ്ദീനെ ചോദ്യം ചെയ്യലിനായി രണ്ടു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യം. തിങ്കളാഴ്ച ഇയാളെ കസ്റ്റഡിയില്‍ കിട്ടുമെന്നാണ് പ്രതീക്ഷ. രണ്ട് വര്‍ഷം മുന്‍പു പാരിപ്പള്ളി സ്വദേശികളായ ദമ്പതികള്‍ക്കു നേരെയും ആശിഷ് സദാചാര ഗുണ്ടായിസം നടത്തിയെന്ന പരാതി ഉയര്‍ന്നിരുന്നു.
ഇതടക്കമുള്ള പരാതികളുമായി ബന്ധപ്പെട്ടാവും ചോദ്യം ചെയ്യല്‍.സദാചാര ഗുണ്ടാ ആക്രമണം ഉണ്ടാകാനുള്ള സാഹചര്യവും ഇതിനെതിരെ സ്വീകരിച്ച നടപടികളും വിശദമാക്കി മൂന്നാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരാഴ്ച മുമ്പ് ബീച്ചില്‍ വച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യപ്പെട്ടെന്ന പരാതിയുമായാണ് വര്‍ക്കല സ്വദേശിനികളായ യുവതികള്‍ രംഗത്തെത്തിയത്. മോഷണം നടത്തിയെന്ന് സംശയിക്കുന്ന ആളെ കുറിച്ച് കൃത്യമായ വിവരം നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ സംഭവത്തില്‍ കേസെടുത്തെന്നും ഫോണുകള്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ആരംഭിച്ചെന്നും ആണ് പൊലീസ് വിശദീകരണം.