കാബൂള്‍: താലിബാന്‍ ഭീകരരുടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പാക് ചാര സംഘടനയായ ഐഎസ്‌ഐ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ ഫൈസ് ഹമീദ് താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച തുടങ്ങി. താലിബാൻ ഭീകരരുടെ ക്ഷണപ്രകാരം ഉന്നത നേതാക്കളോടൊപ്പമാണ് ഫൈസ് ഹമീദ് എത്തിയത്.
അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് താലിബാൻ ഭീകരരെ പാകിസ്ഥാന്‍ സഹായിക്കുമെന്ന് പാക് സൈനിക തലവന്‍ ഖമര്‍ ജാവേദ് ബജ്വ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയോട് നേരത്തെ പറഞ്ഞിരുന്നു. അഫ്ഗാനിലെ സമാധാനത്തിനും സ്ഥിരതക്കും വേണ്ടി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് 15ന് കാബൂള്‍ പിടിച്ചടക്കിയെങ്കിലും സര്‍ക്കാര്‍ രൂപീകരണം നീളുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും നടന്നില്ല. പഞ്ച്ഷീറില്‍ താലിബാനും വടക്കന്‍ സഖ്യവും പോരാട്ടം തുടരുകയാണ്.
നിലവില്‍ പഞ്ച്ശീര്‍ മാത്രമാണ് താലിബാൻ ഭീകരർക്ക് കീഴടങ്ങാതെ പിടിച്ചുനില്‍ക്കുന്നത്. ഇറാന്‍ മാതൃകയിലായിരിക്കും സര്‍ക്കാര്‍ രൂപീകരണം. മുല്ല അബ്ദുല്‍ ഖനി ബറാദാര്‍ ആയിരിക്കും സര്‍ക്കാറിന്റെ തലവന്‍.