അവകാശങ്ങൾ തേടി സ്ത്രീകളുടെ പ്രതിഷേധം; അടിച്ചോടിച്ച് താലിബാൻ ഭീകരർ; വീഡിയോ പുറത്ത്

കാബൂള്‍: കാബൂളില്‍ താലിബാൻ ഭീകരർക്കെതിരായി നടക്കുന്ന സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന് നേരെ താലിബാന്‍ ഭീകരരുടെ ആക്രമണം. താലിബാന്‍ ഭീകരഭരണത്തിന്‍ കീഴില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധത്തിന് നേരെയാണ് താലിബാന്‍ ഭീകരർ കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിക്കുകയും, സ്ത്രീകളെ മര്‍ദ്ദിക്കുകയും ചെയ്തത്.

സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിക്കുന്നത്തിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമരക്കാര്‍ക്ക് നേരെ താലിബാന്‍ ഭീകരർ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുള്ള വഴി തടയുകയും ചെയ്തതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീകള്‍ക്ക് ഭരണ നിര്‍വഹണത്തിനായുള്ള തെരഞ്ഞെടുപ്പ് അവകാശങ്ങള്‍ വേണമെന്നാണ് സമരക്കാരുടെ ആവശ്യം. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അഫ്ഗാന്‍ സ്ത്രീകള്‍ മുദ്രാവാക്യങ്ങളുമായി രാജ്യത്ത് തെരുവിലിറങ്ങുന്നത്. വിദ്യാഭ്യാസം നേടാനും ജോലിയില്‍ തുടരാനും അനുവദിക്കണമെന്നും പ്രതിഷേധ സമരത്തില്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്നു.