അബദ്ധത്തിൽ വിഴുങ്ങിയ പല്ല് ശ്വാസകോശത്തിൽ കുടുങ്ങി; ശസ്ത്രക്രിയയിലൂടെ ആറുവയസ്സുകാരിക്ക് ആശ്വാസം

കണ്ണൂർ : ആറ് വയസ്സുകാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ പല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ റിജിഡ് ബ്രാങ്കോ സ്‌കോപ്പി എന്ന ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്.

ഒന്നരമാസം മുമ്പാണ് കുട്ടി ആദ്യമായി കൊഴിഞ്ഞ പല്ല് അബദ്ധത്തില്‍ വിഴുങ്ങിയത്. പല്ല് ശ്വാസകോശത്തിലെത്തിയതോടെ നിര്‍ത്താത്ത ചുമയും ശ്വാസ തടസ്സവമുണ്ടായി. സാധാരണ ചികിത്സ നടത്തിയിട്ടും മാറ്റമില്ലാതെ വന്നതോടെ പരിശോധിച്ചു.

പരിശോധനയിലാണ് ശ്വാസകോശത്തില്‍ പല്ല് കണ്ടെത്തിയത്. പല്ല് കുടുങ്ങിയതിനെ തുടര്‍ന്ന് അണുബാധയുമുണ്ടായി. മൂന്ന് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലാണ് പല്ല് നീക്കം ചെയ്തത്. പള്‍മനോളജി വിഭാഗത്തിലെ ഡോ. ഡികെ മനോജ്, ഡോ. രാജീവ് റാം, ഡോ. കെ മുഹമ്മദ് ഷഫീഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.