സതീശൻ പ്രവർത്തകരുമായി ബന്ധമില്ലാത്ത അഹങ്കാരിയായ ‘ഷോ മാൻ’ ; സുധാകരൻ വമ്പനെന്നും ആക്ഷേപം ; പാർട്ടിക്കുള്ളിൽ പോരിന് ഗ്രൂപ്പുകൾ

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിനെ വളർത്തിയവരെ തഴഞ്ഞ് പാർട്ടിക്കായി കാര്യമായി ഒന്നും ചെയ്തിട്ടില്ലാത്ത വിഡി സതീശനെയും കെ സുധാകരനെയും ഗ്രൂപ്പുകൾ വളർത്താൻ കയറൂരി വിടുന്നതായി ആക്ഷേപം. വാചാലമായ പ്രസംഗത്തിനപ്പുറം ജനങ്ങളും കോൺഗ്രസ് പ്രവർത്തകരുമായി ബന്ധമുള്ള നേതാവല്ല വിഡി സതീശനെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

നിയമസഭയ്ക്കുള്ളിലും വാർത്താ സമ്മേളനങ്ങളിലും കാണിക്കുന്ന പ്രകടനത്തിനപ്പുറം സതീശന് കോൺഗ്രസ് പ്രവർത്തകരുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ആത്മാർഥതയില്ലാത്ത സമീപനത്തിന് ഉടമയായ സതീശന് സ്വന്തം നിയോജക മണ്ഡലമായ പറവൂരിനപ്പുറം സ്വാധീനവുമില്ലെന്ന് നേതാക്കൾ പറയുന്നു. ലോട്ടറിയടിച്ച പോലെ പ്രതിപക്ഷ നേതൃസ്ഥാനം കിട്ടിയപ്പോൾ എല്ലാം തികഞ്ഞയാളെന്ന നിലയിലുള്ള അഹങ്കാരം നിറഞ്ഞ പെരുമാറ്റവും ശൈലിയും സതീശൻ്റെ കപടതയാണ് ചൂണ്ടി കാണിക്കുന്നതെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.

വമ്പ് പറഞ്ഞ് കണ്ണൂരിൽ സിപിഎമ്മിനെതിരെ പോരാടുന്ന സുധാകര ശൈലി കേരളത്തിൽ വിലപ്പോകില്ലെന്നും നേതാക്കൾക്ക് പക്ഷമുണ്ട്. കണ്ണൂരിൽ പോലും വേരുറപ്പിക്കാൻ കഴിയാത്ത സുധാകരൻ കെപിസിസി പ്രസിഡൻ്റെന്ന നിലയിൽ മുലപ്പള്ളി രാമചന്ദ്രനെക്കാൾ പരാജയമാകുമെന്ന് കാലം തെളിയിക്കുമെന്ന് നേതാക്കൾ പറയുന്നു.

കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും മാറി മാസങ്ങളായിട്ടും കോൺഗ്രസിലും യുഡിഎഫിലും ഭിന്നത രൂക്ഷമായതല്ലാതെ എടുത്ത് പറയത്തക്ക യാതൊരു നേട്ടവുമില്ലെന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം. ആർ എസ് പിയടക്കം ഘടകകക്ഷിൾ യുഡിഎഫിലെയും കോൺഗ്രസിലെയും ഭിന്നതകൾ പരിഹരിക്കപ്പെടില്ലെന്ന നിഗമനത്തിലാണ്. മറ്റു കക്ഷികളും നിരാശയിലാണ്. ഏതു സമയവും സ്ഥാനം ഒഴിയേണ്ടി വരുമെന്ന ഭീതിയിൽ കഴിയുന്ന യു ഡി എഫ് കൺവീനർ എം എം ഹസനും തികഞ്ഞ പരാജയമാണെന്ന് മുന്നണി നേതാക്കൾ പറയുന്നു.

ഈ പശ്ചാതലത്തിൽ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ഇപെടണമെന്ന ആവശ്യവുമായി ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരിക്കയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ സമവായ ശ്രമങ്ങളോട് മുഖം തിരിക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. സ്വന്തം ഗ്രൂപ്പ് വളർത്തുന്ന കെസി വേണുഗോപാലിന്റെ നിര്‍ദേശങ്ങള്‍ മാത്രം നടപ്പാക്കുന്ന താരിഖ് അന്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമാണെന്ന വികാരം ഗ്രൂപ്പുകള്‍ക്കുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തി കേരളത്തില്‍ തന്നെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഹൈക്കമാന്‍ഡ് താരിഖ് അന്‍വറിനെ കേരളത്തിലേക്ക് അയക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിലും ഗ്രൂപ്പ് നേതാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്. പ്രശ്‌ന സന്ധികളില്‍ നേതാക്കളെ ഒന്നിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന് പകരം ഏകപക്ഷീയ തീരുമാനങ്ങളാണ് താരിഖ് കൈകൊണ്ടതെന്നാണ് പരാതി.

കെ സി വേണുഗോപാലിന്റെ ചട്ടുകം മാത്രമാണ് താരിഖ് എന്ന് ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ ചുമതലയില്‍ നിന്ന് താരിഖ് അന്‍വറിനെ മാറ്റണമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഗ്രൂപ്പുകള്‍.

അടുത്തയാഴ്ച സംസ്ഥാനത്തെത്തുന്ന താരിഖുമായി കൂടിക്കാഴ്ചയ്ക്ക് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തയ്യാറായേക്കും. പ്രശ്‌നപരിഹാരത്തിന് സോണിയാ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലാണ് ഇരുവരും ആവശ്യപ്പെടുന്നത്. കെപിസിസി, ഡിസിസി ഭാരവാഹി നിയമനത്തിന് മുന്‍പ് ഇടപെടല്‍ ഉറപ്പാക്കാനാണ് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്.