സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരാൻ സർക്കാർ തീരുമാനം. പ്രതിവാര കൊറോണ അവലോകന യോ​ഗത്തിലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്.

കൊറോണ പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കി വാക്സീനേഷൻ ശക്തിപ്പെടുത്താൻ മുൻതൂക്കം നൽകണമെന്ന് ദേശീയ ആരോ​ഗ്യവിദ​ഗ്ദ്ധരുമായി സംസ്ഥാന സർക്കാർ നടത്തിയ യോ​ഗത്തിൽ നിർദേശമുയർന്നിരുന്നു. സമ്പൂർണ ലോക്ക് ഡൗണിന് ഇനി സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ ‍ഞായറാഴ്ച ലോക്ക് ഡൗണും രാത്രി കാല കർഫ്യൂവും പിൻവലിക്കും എന്നായിരുന്നു പൊതുവെയുള്ള പ്രതീക്ഷ. രാത്രികാല കർഫ്യൂവിൻ്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ രം​ഗത്ത് എത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.