കോണ്‍ഗ്രസിൽ സമൂലമാറ്റം വേണമെന്ന് കെ മുരളീധരന്‍; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകങ്ങൾ; മലക്കം മറിഞ്ഞ് വിഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സമൂലമാറ്റം വേണമെന്ന് കെ മുരളീധരന്‍. അച്ചടക്കം പല കാലങ്ങളിലും ലംഘിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ഇനി അങ്ങനെ മുന്നോട്ടുപോകാനാകില്ല. ആരെയും മാറ്റി നിര്‍ത്തരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടി പുനഃസംഘടന വെറും വീതംവെയ്പാകരുത്. പുറത്താക്കിയവര്‍ വരണ്ട. അവര്‍ വേസ്റ്റാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വേസ്റ്റ് ബോക്‌സാണെന്നും പറഞ്ഞു. അച്ചടക്കലംഘനത്തിന് പാര്‍ട്ടി പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നത് പരാമര്‍ശിച്ചായിരുന്നു മുരളീധരന്റെ പ്രസ്താവന. എന്നാല്‍ പുറത്തുപോയവരെ മടക്കിക്കൊണ്ടു വരാന്‍ ശ്രമിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയ്‌ക്കെതിരെയും മുരളീധരന്‍ ഒളിയമ്പെയ്തു. പഴയതൊക്കെ ഒരുപാട് പറയാനുണ്ട്. താന്‍ താന്‍ ചെയ്യുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടണം. പ്രസിഡന്റുമാര്‍ ചുമതലയേല്‍ക്കുന്ന വേദി കലാപവേദിയാക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

എല്ലാവരെയും ഒരുമിച്ചു ചേര്‍ത്ത് മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകങ്ങളാണ് അവരെ മാറ്റി നിര്‍ത്തി കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകുമോ എന്നും സതീശന്‍ ചോദിച്ചു.

വി ഡി സതീശനോ, കെ സുധാകരനോ വ്യക്തിപരമായി എടുക്കുന്ന നിലപാടുകളല്ല, കോണ്‍ഗ്രസ് പാര്‍ട്ടി കൂട്ടായി എടുക്കുന്ന നിലപാടുകളാണ്. അത് എല്ലാ പ്രവര്‍ത്തകര്‍ക്കും ഒരുപോലെ ബാധകമാണ്. ഒരാളെയും മാറ്റിനിര്‍ത്തില്ല. കേരളത്തിലെ കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി കഠിനാധ്വാനം ചെയ്ത ഒരു നേതാവിനെയും മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്ന് സതീശന്‍ പറഞ്ഞു.