കശ്മീരിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ അവകാശമുണ്ട് ;കശ്മീര്‍ വിഷയത്തില്‍ നിലപാട് മാറ്റി താലിബാന്‍ ഭീകര ഭരണകൂടം

ന്യൂഡെല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് താലിബാന്‍ ഭീകര ഭരണകൂടം. കശ്മീരിലെ മുസ്ലിംകള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ അവകാശമുണ്ടെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താലിബാന്‍ ഭീകര വക്താവ് സുഹൈല്‍ ഷഹീദിന്റെ് പരാമര്‍ശം.

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയവും ഉഭയകക്ഷി പ്രശ്‌നവുമായതിനാല്‍ അതില്‍ ഇടപെടുന്നില്ലെന്ന് ആയിരുന്നു താലിബാന്‍ ഭീകരർ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ നിലപാട് മാറ്റുന്ന തരത്തിലുള്ളതാണ് ഇപ്പോള്‍ താലിബാന്‍ഭീകര വക്താവിന്റെ പ്രസ്താവന.

ജമ്മു കശ്മീരിലെ മുസ്ലിങ്ങളുടെ അടക്കം ലോകത്ത് എവിടെയുമുള്ള മുസ്ലീമുകളുടെ വിഷയത്തില്‍ ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് താലിബാന്‍ ഭീകരവക്താവ് അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ക്കെതിരായ സായുധ പോരാട്ടം നയമല്ലെന്നും താലിബാന്‍ ഭീകരർ കൂട്ടിച്ചേര്‍ത്തു. ദോഹയിലെ ഇന്ത്യന്‍ താലിബാന്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ നിലപാട് മാറ്റം എന്നതും ശ്രദ്ധേയമാണ്.

അഭിമുഖവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യയുടെ വിദേശകാര്യ വക്താവ് താലിബാന്‍ ഭീകര വക്താവുമായി നടത്തിയ ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്‌തോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. അഫ്ഗാന്‍ മണ്ണ് ഇന്ത്യയിലേക്കുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കരുതെന്ന് ചര്‍ച്ചകളില്‍ താലിബാൻ ഭീകരരോട് ആവശ്യപ്പെട്ടതായി കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്‍ ഭീകര വക്താവിന്റെ കശ്മീര്‍ പരാമര്‍ശം.

അഫ്ഗാനിസ്ഥാനില്‍ എല്ലാവരേയും ഉള്‍കൊള്ളുന്ന സര്‍ക്കാര്‍ വരാനാണ് ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. താലിബാൻ ഭീകരർ നയം രൂപീകരിക്കാന്‍ സുഹൃദ് രാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.