അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാരിന് രൂപം നല്‍കി താലിബാന്‍ ഭീകരർ ; മുല്ല ബരാദര്‍ ഭീകരരുടെ സര്‍ക്കാരിന്റെ തലവന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാരിന് രൂപം നല്‍കി താലിബാന്‍ ഭീകരർ. താലിബാൻ ഭീകരരുടെ രാഷ്ട്രീയകാര്യ വിഭാഗം മേധാവിയും സ്ഥാപകനേതാക്കളിലൊരാളുമായ മുല്ല ബരാദര്‍ ഭീകരരുടെ സര്‍ക്കാരിന്റെ തലവനാകും. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. താലിബാന്റെ സ്ഥാപകനായ മുല്ല ഒമറിന്റെ മകന്‍ മുല്ല മുഹമ്മദ് യാക്കൂബും മുതിര്‍ന്ന നേതാവായ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനക്സയിയും താലിബാന്‍ സര്‍ക്കാരിന്റെ മുഖ്യസ്ഥാനങ്ങളിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മൂന്ന് നേതാക്കളും കാബൂളിലെത്തിയെന്നും സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും താലിബാന്‍ വക്താക്കളും അറിയിച്ചിട്ടുണ്ട്. 20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു താലിബാന്‍ രാജ്യത്ത് ആക്രമണം ശക്തമാക്കിയത്. വളരെ വേഗം അഫ്ഗാനിസ്ഥാന്റെ പ്രതിരോധത്തെ ഇല്ലാതാക്കിയ താലിബാന്‍ രാജ്യം മുഴുവന്‍ പിടിച്ചെടുക്കുകയായിരുന്നു.

താലിബാന്‍ ഭീകരർ രാജ്യ തലസ്ഥാനമായ കാബൂളില്‍ നിലയുറപ്പിച്ചതോടെ പ്രസിഡന്റ് അഷറഫ് ഗാനിയടക്കമുള്ളവര്‍ രാജ്യം വിടുകയും ചെയ്തു. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ ഭീകരർ മാറ്റി. ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്. ഇസ്ലാമിക് നിയമസംഹിതയായ ശരീഅത്തിന്റെ തങ്ങളുടേതായ വ്യാഖ്യാനം കര്‍ശനമായി താലിബാന്‍ നടപ്പില്‍ വരുത്തുമെന്ന പേടിയില്‍ അഫ്ഗാനിലെ ജനത കൂട്ടപ്പലായനത്തിലാണ്.

ഇവിടെ നിന്നും പുറത്തുകടക്കാനായി ആയിരക്കണക്കിന് ജനങ്ങള്‍ കാബൂളിലെ വിമാനത്താവളങ്ങളിലേക്ക് ഇപ്പോഴുമെത്തുന്നുണ്ട്. താലിബാന്‍ ഭീകര ഭരണത്തിന്റെ കീഴില്‍ സ്ത്രീകളും മറ്റു ന്യൂനപക്ഷങ്ങളും കടുത്ത നിയമങ്ങള്‍ക്ക് വിധേയരാക്കപ്പെടുമെന്നാണ് വിലയിരുത്തലുകള്‍. നേരത്തെ അധികാരത്തിലെത്തിയിരുന്ന സമയത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും
താലിബാന്‍ പൂര്‍ണമായും നിരോധിച്ചിരുന്നു. ഈ നടപടി ഇനിയും ആവര്‍ത്തിക്കുമെന്ന ഭയവും പലായനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

അതേസമയം താലിബാൻ ഭീകരരുടെ പുതിയ സര്‍ക്കാരിനോട് ലോകരാഷ്ട്രങ്ങളുടെ സമീപനം സംബന്ധിച്ച കാര്യത്തില്‍ വ്യക്തതയില്ല. ചൈന അഫ്ഗാനിലെ തങ്ങളുടെ എംബസി അടയ്ക്കില്ലെന്നും അഫ്ഗാന്റെ പുനരുദ്ധാരണത്തിനായുള്ള സാമ്പത്തിക പദ്ധതികള്‍ തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ താലിബാന്‍ ഭീകര വക്താക്കളുമായി ചില ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

ഇതുവരെയും താലിബാന്‍ ഭീകരസര്‍ക്കാരിനെ അംഗീകരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്നതാണ് ഇതുവരെയുള്ള ഇന്ത്യയുടെ നിലപാട്. ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം ഇതേ നയമാണ് സ്വീകരിച്ചിരുന്നത്.

അതേസമയം താലിബാൻ ഭീകര ഭരണത്തിനെതിരെ അഫ്ഗാനില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. വിവിധയിടങ്ങളില്‍ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പഞ്ച്ഷീര്‍ മേഖലയില്‍ താലിബാൻ ഭീകർക്കെതിരേ അഫ്ഗാനിലെ ചില ഗ്രൂപ്പുകള്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. താലിബാൻ ഭീകരർക്കെതിരെ യുദ്ധത്തിന് തയ്യാറാണെന്നും അതിനുള്ള എല്ലാ സൗകര്യങ്ങളും തങ്ങള്‍ക്കുണ്ടെന്നും പഞ്ച്ഷിറിലെ താലിബാന്‍ ഭീകര വിരുദ്ധ ജനകീയ പ്രതിരോധസേന തലവന്‍ അമീര്‍ അക്മല്‍ നേരത്തെ അറിയിച്ചിരുന്നു. ഇവിടെ കടുത്ത സായുധപ്പോരാട്ടം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രതിരോധ സൈന്യത്തോടൊപ്പം അഫ്ഗാന്റെ തകര്‍ന്നടിഞ്ഞിരിക്കുന്ന സാമ്പത്തിക വ്യവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കൂടിയാകുന്നതോടെ താലിബാൻ ഭീകര ഭരണത്തിന് അത്ര എളുപ്പത്തില്‍ മുന്നോട്ടുപോകാനാകില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തലുകള്‍.