ഇന്ത്യയിൽ കൊറോണ കേസുകളില്‍ നേരിയ കുറവ്; രോഗികള്‍ 45,352; മരണം 366

ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ കേസുകളില്‍ നേരിയ കുറവ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,352 പേര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. 3,99,778 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. കഴിഞ്ഞദിവസം 34,791 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ 3,20,63,616 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 97.45 ശതമാനമാണ് രോഗമുക്തി നിരക്ക്.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ മരണങ്ങളിലും കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 366 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണങ്ങള്‍ 4,39,895 ആയി ഉയര്‍ന്നു. ഇതുവരെ 67,09,59,968 വാക്‌സിനേഷനാണ് രാജ്യത്ത് നടത്തിയിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് കൊറൊണ പരിശോധന കഴിഞ്ഞദിവസങ്ങളില്‍ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,66,334 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകള്‍ കൂടി ചേര്‍ന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 52,65,35,068 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.