ആർഎസ്എസ് – സിപിഎം സംഘട്ടനത്തിനിടെ ഗുരുതരമായി പരിക്കേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി കോടതിയിൽ മൊഴിമാറ്റി; പാർട്ടിയിൽ നിന്ന്‌ പുറത്താക്കി

കായംകുളം: ആർഎസ്എസ് – സിപിഎം സംഘട്ടനത്തിനിടെ ഗുരുതരമായി പരിക്കേൽക്കുകയും കോടതിയിൽ പ്രതികൾക്കനുകൂലമായി മൊഴിമാറ്റി നൽകുകയും ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന്‌ പുറത്താക്കി. ഡിവൈഎഫ്ഐ കറ്റാനം മേഖലാ സെക്രട്ടറിയും കറ്റാനം കിഴക്ക് വാർഡിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എസ് സുജിത്തിനെയാണു പുറത്താക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചതയദിന സന്ദേശത്തിനു താഴെ ഫെയ്‌സ്ബുക്കിൽ വിമർശന പോസ്റ്റിട്ടതിനു കഴിഞ്ഞമാസം 28-ന് സിപിഎം ലോക്കൽകമ്മിറ്റി സുജിത്തിനെ ആറുമാസത്തേക്ക് സസ്‌പെൻഡു ചെയ്തിരുന്നു. ആർ എസ് എസിനെതിരായ കേസിൽ മൊഴിമാറ്റിയതോടെ ഡിവൈഎഫ്ഐ ഉൾപ്പെടെ പാർട്ടിയുടെ എല്ലാ ഘടകങ്ങളിൽനിന്നും ഇയാളെ ഒഴിവാക്കിയിട്ടുണ്ട്.

കേസിന്റെ വിസ്താരത്തിനിടെ ആർഎസ്എസുകാരായ പ്രതികൾക്കനുകൂലമായി ഇയാൾ മൊഴിമാറ്റി നൽകിയതു കഴിഞ്ഞമാസം 31-നു ചേർന്ന ജില്ലാക്കമ്മിറ്റിയിൽ ചർച്ചയായിരുന്നു. തുടർന്നു വിഷയം ചർച്ചചെയ്ത് ഇയാൾക്കെതിരേ നടപടിയെടുക്കാൻ ജില്ലാക്കമ്മിറ്റി ലോക്കൽ കമ്മിറ്റിയോടാവശ്യപ്പെട്ടു. സിപിഎം കറ്റാനം ലോക്കൽ കമ്മിറ്റിയാണു സുജിത്തിനെ പുറത്താക്കാൻ തീരുമാനമെടുത്തത്.

ഇയാൾ മൊഴി മാറ്റിയതിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് പാർട്ടി ഏരിയാതലത്തിൽ അന്വേഷണം നടത്താനും ധാരണയായിട്ടുണ്ട്. 2013 ഏപ്രിൽ 25-ന് രാത്രി കറ്റാനം ജംഗ്ഷനിലുണ്ടായ സംഘട്ടനത്തിനിടെയാണ് അന്ന് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സുജിത്തിനും സുഹൃത്തിനും പരിക്കേറ്റിരുന്നു. പതിനഞ്ചോളം ആർഎസ്എസ് പ്രവർത്തകർ ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു പരിക്കേല്പിച്ചെന്നായിരുന്നു കേസ്.

ആലപ്പുഴ സെഷൻസ് കോടതിയിൽ കഴിഞ്ഞമാസം നടന്ന കേസ് വിസ്താരത്തിൽ ഹാജരായ പ്രതികൾ തന്നെ മർദിച്ച സംഘത്തിലില്ലായിരുന്നുവെന്നു സുജിത് മൊഴി നൽകി. മരിച്ച ഒന്നാംപ്രതി സുജിത്, ഏഴാം പ്രതി കണ്ണപ്പൻ എന്നിവർ മാത്രമാണ് പ്രതികളെന്നും കോടതിയിൽ ഹാജരായ മറ്റുപ്രതികളെ അറിയില്ലെന്നുമായിരുന്നു സുജിത്തിന്റെ മൊഴി. പ്രതികളെ ശിക്ഷിക്കുമെന്നുറപ്പായപ്പോൾ ഒന്നാംസാക്ഷിയായ സുജിത്ത് പ്രതികൾക്കനുകൂലമായി മൊഴി നൽകിയത് പ്രോസിക്യൂഷനും തിരിച്ചടിയായി.

ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പാർട്ടിക്കുള്ളിൽ നടക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയെ വിമർശിച്ച് സുജിത്ത് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടത്. അവിട്ടംദിനം മറന്നുപോയവർ ചതയദിനം കൃത്യമായി ഓർക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ സന്ദേശത്തിന് ഇയാൾ കമന്റിട്ടത്. ആർഎസ്എസ്കാർക്കെതിരായ കേസിൽ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചതിനാണു സുജിത്തിനെ പാർട്ടിയിൽനിന്ന് ഒഴിവാക്കിയതെന്നു ലോക്കൽ കമ്മിറ്റി സെക്രട്ടറി സിബി വർഗീസ് പറഞ്ഞു.