നഴ്സ് കൃത്രിമശ്വാസം നൽകി; കൊറോണ ബാധിച്ച രണ്ടരവയസുകാരിക്ക് ജീവൻ തിരിച്ചുകിട്ടി

തൃശ്ശൂര്‍: കൊറോണ ബാധിച്ച രണ്ടര വയസുകാരിക്ക് കൃത്രിമശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന് നേഴ്സ്. തൃശ്ശൂര്‍ പുതുക്കാടാണ് സംഭവം നടന്നത്. നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നേഴ്സ് ശ്രീജ പ്രമോദ് ആണ് അയല്‍വാസിയായ കുട്ടിക്ക് രണ്ടാം ജന്മമേകിയ ഈ പ്രവര്‍ത്തി നടത്തിയത്. ശ്രീജ ഇപ്പോള്‍ ക്യാറന്‍റെയിനിലാണ്.

ഞായറാഴ്ചയായിരുന്നു സംഭവം, ചര്‍ദ്ദിച്ച്‌ അവശയായ രണ്ടരവയസ്സുകാരി ശ്വാസം കിട്ടാതെ ചലനമറ്റപ്പോള്‍ കുട്ടിയുടെ അമ്മയാണ് അയല്‍വാസിയായ ശ്രീജയുടെ സഹായം തേടിയത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചെങ്കിലും, കുട്ടിക്ക് ചലനമറ്റതോടെ കൃത്രിമ ശ്വാസം നല്‍കാതെ ആശുപത്രിയില്‍ എത്തില്ലെന്ന് ശ്രീജയ്ക്ക് മനസിലായി.

കൊറോണ കാലമായതിനാല്‍ കൃത്രിമ ശ്വാസം നല്‍കരുതെന്നാണ് പ്രോട്ടോക്കോള്‍ എങ്കിലും അടിയന്തരഘട്ടത്തില്‍ ശ്രീജ അത് വകവച്ചില്ല. കൃത്രിമ ശ്വാസം നല്‍കിയ ശേഷം കുട്ടിയെ അച്ഛനും അയല്‍ക്കാരും ചേര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചു.

മെഡിക്കല്‍ കോളേജിൽ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കൊറോണ സ്ഥരീകരിച്ചു. തക്കസമയത്ത് കൃത്രിമ ശ്വാസം നല്‍കിയതാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ട് ദിവസത്തെ ചികില്‍സയ്ക്ക് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങി.