സിപിഎം പുറത്താക്കിയ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് മൂന്നംഗ സംഘത്തിന്റെ മർദ്ദനം

തിരുവല്ല: നന്നൂരിൽ സിപിഎം പുറത്താക്കിയ മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ നേർക്ക് മൂന്നംഗ സംഘത്തിന്റെ അക്രമം. നന്നൂർ നൂഴവട്ടത്ത് സുമേഷി (42) നെയാണ് മുഖത്ത് മുളകുവെള്ളം സ്‌പ്രേ ചെയ്തശേഷം ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇടതുകൈയ്ക്ക് പൊട്ടലും കാലിന് ചതവുമേറ്റ സുമേഷ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

മുളകുവെള്ളം വീണതിനെ തുടർന്ന് കണ്ണ് ചുവന്നുവീർത്തു. എരുമേലി കൺസ്യൂമർഫെഡിലെ ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെ കണ്ണാട്ട് കലുങ്കിന് സമീപമായിരുന്നു സംഭവം. സുമേഷ് ഓടിച്ചുവന്ന ബൈക്കിന് മുമ്പിലേക്ക് ചാടിവീണ ഇവർ കൈയിൽ കരുതിയിരുന്ന മുളകുവെള്ളം ചീറ്റിച്ചശേഷം മാരകായുധങ്ങളുമായി ആക്രമിക്കുകയാണ് ഉണ്ടായതെന്ന് ഇയാൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. അതുവഴിവന്ന ഇരവിപേരൂർ പഞ്ചായത്തംഗം അനിൽബാബുവും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

ബഹളംകേട്ടാളുകൾ ഓടിക്കൂടിയതോടെ അക്രമികൾ ഇവരെത്തിയ ബൈക്കിൽ കയറി രക്ഷപ്പെട്ടു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 13-ാം വാർഡിൽ മത്സരിച്ച പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റിന്റെ പരാജയത്തിന് കാരണം താനും തന്റെ കടുംബവുമാണെന്നുള്ള വൈരമാണ് ആക്രമണത്തിന് പിന്നിലെന്ന് തിരുവല്ല സി.ഐ.യ്ക്ക്‌ നൽകിയ പരാതിയിൽ സുമേഷ് ആരോപിക്കുന്നു.

സി.പി.എം കണ്ണാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുമേഷിനെ നാല് മാസങ്ങൾക്ക് മുമ്പ് ഈ സ്ഥാനത്തുനിന്ന് നീക്കംചെയ്തിരുന്നു. ഒരു മാസം മുമ്പ് സി.പി.എം. അംഗത്വത്തിൽനിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു. സുമേഷിന്റെ അച്ഛൻ എൻ.എ.ശശിധരൻപിള്ള സിപിഎം വള്ളംകുളം ലോക്കൽ കമ്മിറ്റിയംഗമായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടർന്ന് പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് ഇയാൾക്കെതിരേ ലോക്കൽ കമ്മിറ്റി നടപടിയെടുത്തിരുന്നു.

പാർട്ടി സമ്മേളനങ്ങൾ അടുത്തുവരുന്നതിനാൽ സി.പി.എം. ജില്ലാ സെക്രട്ടേറ്റിയറ്റ് അംഗംകൂടി പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ ഏരിയ കമ്മിറ്റി ഈ നടപടി റദ്ദുചെയ്യാൻ നിർദേശിച്ചിരുന്നു. അക്രമം സംബന്ധിച്ച് സുമേഷിന്റെ പരാതിപ്രകാരം കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരേ കേസെടുത്തതായി തിരുവല്ല ഡിവൈ.എസ്.പി. അറിയിച്ചു.