കരിപ്പൂർ വിമാനത്താവളം വഴി 21 ലക്ഷത്തിൻ്റെ സ്വർണ മിശ്രിതം കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 21 ലക്ഷം രൂപയുടെ സ്വർണ മിശ്രിതവുമായി രണ്ട് പേർ പിടിയിൽ. രണ്ട് വിമാനങ്ങളിലായി വന്ന പെരിന്തൽമണ്ണ സ്വദേശിയായ ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസൽ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

ഷാർജയിൽ നിന്നും ജി9 354 എയർ അറേബ്യ വിമാനത്തിൽ രാവിലെ നാല് മണിയോടുകൂടിയാണ് പെപെരിന്തൽമണ്ണ സ്വദേശിയായ ഷംനാസ് 641 ഗ്രാം സ്വർണമിശ്രിതവുമായി എത്തിയത്. തുടർന്ന് കസ്റ്റംസ് പരിശോധനയിൽ പിടിക്കപ്പെടുകയായിരുന്നു. വിപണിയിൽ ഇതിന് ഏകദേശം 25 ലക്ഷം രൂപ വില വരും.

ദുബായിയിൽനിന്നും 6ഇ 89 ഇൻഡിഗോ വിമാനത്തിൽ പുലർച്ചെ പന്ത്രണ്ടരയോടെയാണ് താമരശ്ശേരി സ്വദേശി ഫൈസൽ എത്തിയത്. ഇയാളിൽ നിന്നാണ് 1074 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തത്. വിപണിയിൽ ഇതിന് ഏകദേശം 46 ലക്ഷം രൂപ വില വരും.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ വി. രാജന്റെ നിർദ്ദേശപ്രകാരം സൂപ്രണ്ടുമാരായ പ്രവീൺകുമാർ കെ.കെ., പ്രകാശ് എം, ഇൻസ്പെക്ടർമാരായ പ്രതീഷ് എം, മുഹമ്മദ് ഫൈസൽ ഇ, ജയദീപ് സി, ഹെഡ് ഹവിൽദാർ എം. സന്തോഷ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.