തിരുവനന്തപുരം: കേരളാ പൊലീസിനെതിരായ സിപിഐ ദേശീയ നേതാവ് ആനി രാജയുടെ പരസ്യ പ്രസ്താവനയില്‍ പാർട്ടി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് രേഖാമൂലം പരാതി നല്കി. ആനി രാജയുടെ നടപടി സംസ്ഥാന വിഷയങ്ങളില്‍ കൂടിയാലോചനയില്ലാതെ പ്രതികരിക്കരുതെന്ന തീരുമാനത്തിന്റെ ലംഘനമാണെന്ന് ജനറല്‍ സെക്രട്ടറി എ.രാജക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പരാമര്‍ശം തെറ്റായതും അനവസരത്തിലുള്ളതുമാണ്. പ്രസ്താവന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്നും കത്തില്‍ പറയുന്നു. ഈ മാസം ഒമ്പതിന് ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതിയും വിഷയം ചര്‍ച്ച ചെയ്യും. ഇന്നലെയാണ് സംസ്ഥാന പൊലീസിനെതിരെ ആനി രാജ രംഗത്തെത്തിയത്.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണ്.ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നും ആനി രാജ പറഞ്ഞിരുന്നു. കേരള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പൊലീസിനിടയില്‍ ആര്‍എസ്എസ് ഗ്യാങ് നിലവിലുണ്ടെന്ന് സംശയിക്കുന്നുവെന്നായിരുന്നു മറ്റൊരു പ്രസ്താവന. ഇതാണ് വിവാദമായത്.