ഇടുക്കി തോട്ടം മേഖലയിലെ ബാലവേല തടയാന്‍ പരിശോധന ശക്തമാക്കി

ഇടുക്കി: ജില്ലയിലെ തോട്ടം മേഖലയില്‍ നടന്നു വരുന്ന ബാലവേല തടയാന്‍ പരിശോധന ശക്തമാക്കി. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ഉടുമ്പന്‍ചോല മേഖലയില്‍ നടത്തിയ പരിശോധനയില്‍ ബാല വേല കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് തോട്ടം ഉടമകള്‍ക്കെതിരേ കേസെടുത്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇടുക്കിയിലെ ഏലത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ച്‌ ബാലവേല നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് പരിശോധന. ജില്ലാ ഭരണകൂടവും ശിശുക്ഷേമ സമിതിയും പൊലീസും വ്യാപകമായ പരിശോധനകളാണ് നടത്തുന്നത്. ഉടുമ്പന്‍ചോല താലൂക്കിലെ വിവിധ മേഖലകളിലായിരുന്നു ആദ്യ ഘട്ടത്തിലെ പരിശോധന.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമുള്ള പരിശോധനയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നെടുങ്കണ്ടം ആനക്കല്ല് എട്ടേക്കറിലെ ചെട്ടിമറ്റം എസ്റ്റേറ്റ് , പൊന്നാങ്കാണി പച്ചക്കാനം എസ്റ്റേറ്റ് എന്നിവയുടെ ഉടമകള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളെ ഉപയോഗിച്ച്‌ അപകടകരമായ ജോലികള്‍ ചെയ്യിപ്പിച്ചു എന്ന കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കുട്ടികളെ ഉപയോഗിച്ച്‌ കീടനാശിനി ഏലത്തോട്ടങ്ങളില്‍ തളിക്കുന്നതടക്കമുള്ള ജോലികള്‍ ചെയ്യിപ്പിച്ചു എന്നാണ് പൊലീസ് കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ ശക്തമായ പരിശോധനകള്‍ തുടരുമെന്ന് ഇടുക്കി എസ് പി ആര്‍ കറുപ്പസ്വാമി അറിയിച്ചു.