ഡെങ്കിപ്പനിയെന്ന് സംശയം; ഉത്തർപ്രദേശിൽ പത്ത് ദിവസത്തിനിടെ 53 പേർ മരിച്ചു; 45 പേരും കുട്ടികൾ

ലഖ്നൗ:  ഫിറോസാബാദിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 53 പേർ മരിച്ചത് ഡെങ്കി വ്യാപനത്തേതുടർന്നെന്ന് സംശയം. മരിച്ചതിൽ 45 പേരും കുട്ടികളാണ്. ഇതോടെ സെപ്റ്റംബർ ആറ് വരെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും അടച്ചിടാൻ ഉത്തരവായി. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകൾ സെപ്റ്റംബർ ആറ് വരെ നടത്തേണ്ടെന്നാണ് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിങ് ഉത്തരവിട്ടിരിക്കുന്നത്.

ഡെങ്കി വ്യാപനമാണോ എന്ന് സ്ഥിരീകരിക്കാൻ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. ഫിറോസാബാദിലെ മെഡിക്കൽ കോളേജിൽ 180ൽപ്പരം ആളുകളെ പ്രവേശിപ്പിച്ചിട്ടുണ്ട്. കടുത്ത പനിയും ആരോഗ്യപ്രശ്നങ്ങളും നേരിടുന്ന കുട്ടികളെക്കൊണ്ട് ആശുപത്രിയിലെ വാർഡ് നിറയുകയാണ്. ആശുപത്രിയിലെത്തിയ ഭൂരിഭാഗത്തിനും വൈറൽ പനിയാണെന്നും ചിലർക്ക് പരിശോധനയിൽ ഡെങ്കി സ്ഥിരീകരിച്ചുവെന്നും ആശുപത്രി അധികൃതർ പറയുന്നു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഫിറോസാബാദ് മെഡിക്കൽ കോളേജിലെത്തി ചികിത്സയിലുള്ളവരെ സന്ദർശിച്ചിരുന്നു. മരിച്ച കുട്ടികളിൽ ചിലരുടെ വീട്ടിലെത്തി ബന്ധുക്കളേയും അദ്ദേഹം സന്ദർശിച്ചു. മരണങ്ങളുടെ കാരണം എന്താണെന്ന് അന്വേഷിച്ച് വിശദീകരണം നൽകാൻ പ്രത്യേക അന്വേഷണസംഘത്തേയും നിയോഗിച്ചു.

പെട്ടെന്ന് പനി ബാധിച്ച് കുട്ടികൾ അവശനിലയിലാകുന്നുണ്ട്. ലക്കി എന്ന ആറ് വയസ്സുകാരന് ചെറിയ തോതിൽ പനി വന്ന് പെട്ടെന്ന് അസുഖം കൂടുകയായിരുന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷം കുട്ടി മരിക്കുകയും ചെയ്തു. കുട്ടിയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആഗ്രയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ആഗ്രയിലെത്തിക്കുന്നതിന് പത്ത് മിനുറ്റ് മുൻപാണ് കുട്ടി മരിച്ചത്.