തിരുവനന്തപുരം: നിലവിലെ കൊറോണ പരിശോധനകള്‍ക്കും ടിപിആറിനും ലോക്ക്ഡൗണിനും പകരം മരണസംഖ്യ കുറയ്ക്കുന്നതിന് ഊന്നല്‍ നല്‍കിയുള്ള മാറ്റങ്ങളടക്കം പരിഗണിക്കാൻ
വിദഗ്ധരുടെ യോഗം ഇന്നു ചേരും. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ മാർഗങ്ങൾ തേടുന്നത്.
യോഗത്തില്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ്, സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍, വിദഗ്ധര്‍, പൊതുജനാരോഗ്യ രംഗത്തുള്ളവര്‍, ദുരന്ത നിവാരണ വിദഗധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് ഓണ്‍ലൈൻ വഴി മുഖ്യമന്ത്രിയാണ് യോഗം വിളിച്ചിരിക്കുന്നത്.
പ്രാദേശിക ലോക്ക്ഡൗണുകള്‍ക്ക് പകരം, ചികിത്സാ സംവിധാനങ്ങള്‍ പ്രതിസന്ധിയിലാകുന്ന ജില്ലകളില്‍ മാത്രം ലോക്ക്ഡൗണ്‍ മതിയെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. വാക്‌സിനേഷന്‍ മുന്നേറിയതോടെ ഗുരുതര രോഗികളുടെ എണ്ണം കുറഞ്ഞത് കണക്കിലെടുക്കണമെന്നും വാദം ഉയര്‍ന്നിട്ടുണ്ട്.
കൊറോണ സാഹചര്യവും പ്രതിരോധ നടപടികളും ഇന്ന് ചേരുന്ന മന്ത്രിസഭയോഗവും വിലയിരുത്തും. വാക്സിനേഷന്‍ 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും 80 ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍.ടി.പി.സി.ആര്‍ പരിശോധന മാത്രം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗത്തില്‍ തീരുമാനിച്ചു.
വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് 80 ശതമാനം വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചത്. വാക്സിനേഷന്‍ 80 ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തില്‍ തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളിലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് മാത്രമാകും നടത്തുക.
അതോടൊപ്പം എല്ലാ ജില്ലകളിലും ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജില്ലകള്‍ക്ക് വാക്സിന്‍ വിതരണം നടത്തുമ്പോൾ താരതമ്യേന കുറഞ്ഞ തോതില്‍ വാക്സിനേഷന്‍ നടന്ന ജില്ലകളെ പരിഗണിച്ച് ക്രമീകരണം ഉണ്ടാക്കണമെന്നാണ് നിർദേശം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാക്സിനേഷന്‍ കണക്കെടുത്ത് ആനുപാതികമായി വാക്സിന്‍ നല്‍കാന്‍ ജില്ലകളും ശ്രദ്ധിക്കണം.
സി.1.2 കൊറോണ വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കും. അവരെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയമാക്കുകയും ക്വാറന്‍റീന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.