പശുവിന് മൗലികാവകാശം നൽകണമെന്ന് അലഹബാദ് ഹൈക്കോടതി; പാർലമെന്റ് നിയമം പാസാക്കണമെന്ന് നിർദ്ദേശം

ലഖ്നൗ: പശുവിന് മൗലികാവകാശം നൽകുന്നത്തിന് പാർലമെന്റ് നിയമം പാസാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അവയെ അക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും അലഹബാദ് ഹൈക്കോടതിയിലെ സിംഗിൾ ജഡ്ജ് ശേഖർ കുമാർ യാദവ് ആവശ്യപ്പെട്ടു.

ഉത്തർപ്രദേശിലെ ഗോവധം തടയൽ നിയമം ലംഘിച്ചതിന് അറസ്റ്റിലായ ജാവേദിന് ജാമ്യം നിഷേധിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. ഇന്ത്യയുടെ സംസ്കാരവുമായി ബന്ധപ്പെട്ടതാണ് പശു എന്ന് ജസ്റ്റിസ് ശേഖർ കുമാർ യാദവ് അഭിപ്രായപ്പെട്ടു. ഗോ സംരക്ഷണം ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കടമയല്ല.

ഇന്ത്യയുടെ സംസ്കാരം സംരക്ഷിക്കേണ്ടത് എല്ലാ മതത്തിലുംപെട്ട പൗരന്മാരുടെ കടമയാണ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും കോടതി ആവാശ്യപ്പെട്ടു. വ്യത്യസ്ത മതവിഭാഗങ്ങളും ആചാരങ്ങളും ഉണ്ടെങ്കിലും ഒരേ തരത്തിൽ പൗരന്മാർ ചിന്തിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

മുമ്പും ഇതേ കുറ്റത്തിന് അറസ്റ്റിലായിട്ടുളള ജാവേദിന് ജാമ്യം അനുവദിച്ചാൽ സാമൂഹ്യസൗഹാർദം തകരുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിലെ ഗോശാലകളുടെ ശോചനീയമായ അവസ്ഥയും ഉത്തരവിൽ ജഡ്ജി പരാമർശിച്ചിട്ടുണ്ട്.