പെരുമ്പാവൂർ: ഇടതുമുന്നണി നേതാവിൻ്റെ അടുത്ത ബന്ധു വ്യാജ കള്ള് നിർമാണ കേസിൽ പിടിയിൽ. പെരുമ്പാവൂർ നെടുങ്കണ്ടത്തിൽ ജോമി പോൾ ആണ് പിടിയിലായത്. കള്ള് ഷാപ്പ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹിയായ ഇയാൾ വർഷങ്ങളായി വ്യാജ കള്ള് നിർമാണം നടത്തുന്നു. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. വിവരം പുറത്ത് വരാതിരിക്കാൻ പ്രാദേശിക എക്സൈസ് വിഭാഗം ശ്രമിച്ചെന്ന ആക്ഷേപം ശക്തമാണ്.
രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ മുതൽ സർക്കിൾ ഇൻസ്പെക്ടർ ടി. അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അംഗങ്ങൾ പെരുമ്പാവൂരിൽ ക്യാമ്പ് ചെയ്തിരുന്നു. 2400 ലിറ്റർ വ്യാജ കള്ളാണ് പിടികൂടിയത്. പ്രാദേശിക എക്സൈസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള ആളാണ് ജോമി പോൾ. പെരുമ്പാവൂർ എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കാതെ ആയിരുന്നു പരിശോധന.
ജോമി പോളിനെ പിടികൂടിയതറിഞ്ഞ് കേസ് ഒതുക്കാൻ നീക്കം നടക്കുന്നുണ്ട്. വ്യാജ കള്ള് നിർമാണ യൂണിറ്റ് പ്രവർത്തിപ്പിച്ചിരുന്നത് വൻ സുരക്ഷ ക്രമീകരണങ്ങളോടെയാണ്. ജോമി പോളിൻ്റെ വീടിനോട് ചേർന്നാണ് വ്യാജ കള്ള് നിർമാണം നടന്നിരുന്നത്. നിർമാണ യൂണിറ്റിൻ്റെ നാലു വശങ്ങളിലും ക്യാമറ, റിമോർട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഷട്ടറുകൾ തുടങ്ങിയ നിരവധി സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
പരിചയമില്ലാത്തവരെ കണ്ടതോടെ നിർമാണ സാമഗ്രികൾ മാറ്റി. പരിശോധനയുടെ ഭാഗമായി ജോമിയുടെ വീട്ടിലെത്തിയതോടെ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിനായി ഉദ്യോഗസ്ഥരെ മറ്റൊരു ഗോഡൗണിലേക്ക് കൊണ്ടു പോയി. പിന്നീട് യഥാർഥ ഗോഡൗൺ കണ്ടെത്തുകയായിരുന്നു.
പെരുമ്പാവൂർ തുരുത്തിപ്പറമ്പിൽ മാസങ്ങളായി ഗോഡൗൺ പ്രവർത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ മത്സരിച്ച ഇടതു സ്ഥാനാർഥിയുടെ സ്പോൺസർ ആയിരുന്നു ജോമി പോൾ. അണക്കപ്പാറ വ്യാജ കള്ള് നിർമാണ കേസിൽ പ്രതിയായ പെരുമ്പാവൂർ സ്വദേശി അബ്കാരി സോമൻ നായരുടെ സുഹൃത്താണ് പിടിയിലായ ജോമി പോൾ.
അണക്കപ്പാറ കേസ് അന്വേഷണത്തിനിടെയാണ് പെരുമ്പാവൂരിലെ വ്യാജ കള്ള് നിർമാണ യൂണിറ്റിനെ പറ്റി വിവരം ലഭിച്ചത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. അനിൽ കുമാർ, ജി. കൃഷ്ണകുമാർ, എക്സൈസൈസ് ഇൻസ്പെക്ടർ ടി. ആർ മുകേഷ് കുമാർ, എസ് മധുസൂദനൻ നായർ, എസ് സെന്തിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. സുബിൻ, എസ് ഷംനാദ് , ആർ.രാജേഷ്, എം.എം അരുൺകുമാർ, ബസന്ത്, വിശാഖ്, മുഹമ്മദ് അലി എന്നിവരടങ്ങുന്ന ടീം ആണ് റെയ്ഡ് നടത്തിയത്.