ന്യൂഡെല്‍ഹി: പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കുന്ന രീതിയില്‍ പരസ്യപ്രസ്താവന നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കെ പി സി സിയോട് ഹൈക്കമാന്‍ഡ്. ഇത്തരക്കാര്‍ക്ക് ഭാവിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍. ദേശീയ, സംസ്ഥാന തലങ്ങളിലെ പുനഃസംഘടനയ്ക്കു മാത്രമല്ല, കെപിസിസി, ഡിസിസി ഭാരവാഹി നിയമനത്തിനും ഇതു ബാധകമായേക്കും.
ഡിസിസി പട്ടികയ്‌ക്കെതിരെ പ്രതികരിക്കുന്നവരുടെയും സമൂഹ മാധ്യമങ്ങളില്‍ കുറിപ്പിടുന്നവരുടെയും പേരുകള്‍ കൈമാറാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെ സുധാകരനോട് ആവശ്യപ്പെട്ടുതായി റിപ്പോര്‍ട്ടുണ്ട്. പട്ടികയുടെ പേരിലുയര്‍ന്ന അസ്വാരസ്യങ്ങള്‍ക്ക് വിരാമമിടുകയാണ് ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം.
അതേസമയം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി പ്രാഥമികാംഗത്വം രാജിവെച്ച പാലക്കാട്ടെ എ വി ഗോപിനാഥിനെ ഉള്‍പ്പെടെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തേണ്ടതില്ലെന്നും കെ പി സി സി നേതൃത്വത്തിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയുണ്ടെന്നും കേന്ദ്ര നേതൃത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
പാര്‍ട്ടി വേദികളില്‍ ആര്‍ക്കും എന്തു വിമര്‍ശനവും പറയാം. എന്നാല്‍, പൊതുവേദികളില്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ ഹൈക്കമാന്‍ഡിന് കൈമാറണം. എല്ലാവരുമായും കൂടിയാലോചന നടത്തിയാലും കെ പി സി സി അധ്യക്ഷനും പ്രതിപക്ഷനേതാവും ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ക്ക് മാത്രമായിരിക്കും മുന്‍ഗണന നല്‍കുകയെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.