ഏഴര മണിക്കൂര്‍ എന്നാല്‍ 450 മിനിറ്റ്; ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്സിൻ കൊടുത്ത നഴ്സിന് അഭിനന്ദനം ! ; ആരോഗ്യ മന്ത്രിയുടെ പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം : ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്സിന്‍ കൊടുത്ത നഴ്സിനെ അഭിനന്ദിച്ചുകൊണ്ടുള്ള ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ പോസ്റ്റിനെതിരെ വിമര്‍ശനം. മന്ത്രിയുടെ പോസ്റ്റിന് താഴെയാണ് സംഭവത്തെ വിമര്‍ശിച്ച്‌ നിരവധിപേര്‍ രംഗത്ത് വന്നത്. ഏഴര മണിക്കൂര്‍ എന്നാല്‍ 450 മിനിറ്റാണെന്നും അത്തരത്തില്‍ നോക്കിയാല്‍ ഒരാള്‍ക്ക് കുത്തിവയ്പിന് അരമിനുട്ടിന് മുകളില്‍ അടുത്ത് മാത്രമേ സമയം കിട്ടുവെന്നുമാണ് പ്രധാന വിമര്‍ശനം.

നഴ്സുമാരുടെ കഷ്ടപ്പാടിനെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നു. ജൂനിയര്‍ നേഴ്സിന്‌ ഒരു ദിവസം 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടി വരുന്ന ഗതികേട്, ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്ത സിസ്റ്റത്തിന്റെ അപര്യാപ്തതയാണ് കാണിക്കുന്നത് എന്നാണ് വിമര്‍ശനം. ഒരു മണിക്കൂറില്‍ 100-ലധികം പേര്‍ക്ക് വാക്സിന്‍ കുത്തിവെപ്പ് നല്‍കേണ്ടിവരുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ അവസ്ഥയില്‍ സങ്കടമുണ്ടെന്നും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

ഇത്തരം ഒരു കാര്യത്തെ ഗ്ലോറിഫൈ ചെയ്യരുത്‌. എന്ത്‌ മാത്രം കൂടുതല്‍ ജോലിയാണ് അവര്‍ ചെയ്യുന്നത് എന്നാണ് ഈ കണക്ക്‌ കാണിക്കുന്നത്‌. അതിനനുസൃതമായ ശമ്പളമുണ്ടോ? ഈ ജോലിഭാരം കുറയ്ക്കാന്‍ ആവശ്യമായ ജോലിക്കാരുണ്ടോ? ഇതൊക്കെ നല്ല രീതിയില്‍ ആയാലെ സിസ്റ്റം നന്നാവൂ. ത്യാഗങ്ങളെ ആഘോഷിക്കരുത്.

വാക്‌സിനേഷനെത്തിയവരെ ചറപറാ കുത്തി വിടുകയായിരുന്നോ എന്നും ചിലര്‍ ചോദിക്കുന്നു. ദിവസ വേതന അടിസ്ഥാനത്തിലെങ്കിലും ആളുകളെ എടുത്ത് ഇത്തരം മാരത്തോണ്‍ കുത്ത് അവസാനിപ്പിക്കുകയാണ് ആരോഗ്യ വകുപ്പ് ചെയ്യേണ്ടതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഒരാള്‍ക്ക് കൊറോണ വാക്സീന്‍ നല്‍കുന്നതിന് കൃത്യമായ മാര്‍ഗരേഖയുണ്ട്. വാക്സീന്‍ കൈകാര്യം ചെയ്യുന്നത് വൃത്തിയുള്ള ഇടത്ത് വച്ചായിരിക്കണം. കൈകള്‍ ശുചിയായിരിക്കണം. പുതിയ സിറിഞ്ചും സൂചിയും വേണം ഉപയോഗിക്കാന്‍. വാക്സീന്‍ കുത്തിവയ്ക്കുന്ന ഭാഗം അണുവിമുക്തമാക്കണം.

കുത്തിവയ്ക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. മരുന്ന് കൃത്യമായി അകത്ത് ചെന്നു എന്നുറപ്പാക്കി വേണം സൂചിയെടുക്കാന്‍. സമയമെടുത്ത് ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ് ഇത്. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി കുത്തിവയ്പ്പ് അതിവേഗത്തിലാകുമ്പോള്‍ തെറ്റുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

ആരോഗ്യവകുപ്പില്‍ ആവശ്യത്തിന് നഴ്സുമാരും ഡോക്ടര്‍മാരും ഇല്ലെന്നും, ആകെ ഉള്ളവര്‍ ഇത് പോലെ കൈ മെയ്യ് മറന്ന് ജോലി ചെയ്യേണ്ടി വരുന്നുവെന്നുമാണ് വിമര്‍ശനം. ആരോഗ്യ പ്രവര്‍ത്തകയുടെ കഠിനാധ്വാനം അംഗീരിക്കുമ്പോഴും മണിക്കൂറില്‍ ഒരു നഴ്സ് 120 കുത്തിവയ്പ്പിലധികം നല്‍കേണ്ടി വരുന്ന സാഹചര്യം മഹത്വവല്‍ക്കരിക്കരുതെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.