തിരുവനന്തപുരം: യുഡിഎഫ് മുങ്ങുകയല്ലെന്നും ചിലർ മുക്കുകയാണെന്നും ആർഎസ്പി നേതാവും മുൻമന്ത്രിയുമായ ഷിബു ബേബി ജോണ്‍. കോണ്‍ഗ്രസിനെതിരേ രൂക്ഷമായ പരസ്യ വിമർശനവുമായാണ് ഷിബു ബേബി ജോണ്‍ രംഗത്തെത്തിയത്.മുങ്ങുന്ന കപ്പൽ ആണെങ്കിൽ നിൽക്കാം. ബോധപൂർവം മുക്കുകയാണെങ്കിൽ ജീവൻ രക്ഷിക്കേണ്ടി വരില്ലേയെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ് രാജ്യത്ത് ശക്തിപ്രാപിക്കണമെന്ന് മനസിലാക്കി ഒപ്പം നിൽക്കുന്നവരാണ് ഞങ്ങൾ. എന്നാൽ കോണ്‍ഗ്രസ് നേതാക്കൾക്ക് ഇക്കാര്യം മനസിലാകുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. യുഡിഎഫ് യോഗത്തിൽ നിന്നും വിട്ടിനിൽക്കാൻ ആർഎസ്പി തീരുമാനിച്ചതിന് പിന്നാലെയാണ് ഷിബുവിന്റെ പരസ്യ വിമർശനം ഉണ്ടായിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ചവറയിൽ തോറ്റതിന് പിന്നാലെയും ഷിബു കോണ്‍ഗ്രസിനെതിരേ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ പാർട്ടിയിൽ നിന്നും അവധിയെടുക്കാനും അദ്ദേഹം അപേക്ഷ നൽകി.