താലിബാൻ ഭീകര നേതാവിൻ്റെ അഭിമുഖമെടുത്ത അഫ്​ഗാൻ മാധ്യമപ്രവർത്തക ബെഹസ്​ത അർഗന്ദ് രാജ്യംവിട്ടു

കാബൂൾ: താലിബാൻ ഭീകര നേതാവിൻ്റെ അഭിമുഖമെടുത്ത അഫ്​ഗാൻ മാധ്യമപ്രവർത്തക രാജ്യംവിട്ടു. ടോളോ ന്യൂസിലെ ബെഹസ്​ത അർഗന്ദാണ്​ നാടുവിട്ടത്​. ഓഗസ്​റ്റ്​ 17നാണ്​ ബെഹസ്​ത താലിബാൻ ഭീകര നേതാവുമായി അഭിമുഖം നടത്തിയത്​. താലിബാൻ ഭീകര നേതാവി​ൻ്റെ അഭിമുഖമെടുത്ത ആദ്യ അഫ്​ഗാൻ മാധ്യമപ്രവർത്തകയാണിവർ.

അഭിമുഖത്തിനിടെ കാബൂളിലെ താലിബാൻ ഭീകരരുടെ വീടുകൾതോറുമുള്ള തിരച്ചിലിനെയും ഭാവി പദ്ധതികളെയുംകുറിച്ച്​ അവർ ചോദിച്ചിരുന്നു.24 വയസ്സുള്ള ബെഹസ്​തയുടെ അഭിമുഖം ​ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള ഭയംമൂലമാണ്​ നാടുവിട്ടതെന്ന്​​ അവർ വെളിപ്പെടുത്തി.

നേരത്തേ ചാനൽ സ്​റ്റുഡിയോയിൽനിന്ന്​ അവതാരകനെക്കൊണ്ട്​ ആരും പേടിക്കേണ്ടതില്ലെന്നും രാജ്യത്ത്​ പ്രശ്​നങ്ങളില്ലെന്നും താലിബാൻ ഭീകരർ പറയിപ്പിക്കുന്നതി​ൻ്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിഡിയോയിൽ തോക്കേന്തിനിൽക്കുന്ന താലിബാൻ ഭീകരർ സംഘത്തിനൊപ്പമാണ്​ അവതാരകൻ പേടിക്കേണ്ട സാഹചര്യമില്ലെന്നു​ പറയുന്നത്.

ഭീകരർ നിയന്ത്രങ്ങൾ ഒന്നൊന്നായി നടപ്പാക്കുകയാണ്. സ്ത്രീകളെ വീട്ടിലിരുത്തുകയാണ് താലിബാൻ്റെ പ്രധാന ലക്ഷ്യം. അമേരിക്ക കൂടി അഫ്ഗാൻ വിട്ടതോടെ ഭീകരരുടെ കിരാത നടപടികളായിരിക്കും വരാനിരിക്കുന്നതെന്നാണ് അഫ്ഗാനികൾ ഭയക്കുന്നത്.