പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപമുള്ള മേഖലകളിൽ ഭീകരർ താമസിച്ചിരുന്നതായി സൂചന

തിരുവനന്തപുരം : പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപമുള്ള മേഖലകളിൽ ഭീകരർ താമസിച്ചിരുന്നതായി റിപ്പോർട്ട്. രഹസ്വാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സൈനിക ക്യാമ്പിലും പരിസരത്തും സുരക്ഷ ശക്തമാക്കി. ക്യാമ്പിൽ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൈനിക കേന്ദ്രത്തിന് സമീപമുള്ള പൂജപ്പുര, ജഗതി, ഇലിപ്പോട്, ഇടപ്പഴഞ്ഞി, മരുതംകുഴി, വലിയവിള, തിരുമല എന്നിവിടങ്ങളിലായി ഭീകരർ വാടകയ്‌ക്ക് താമസിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇവരിൽ ശ്രീലങ്കയിൽ നിന്നുള്ളവരും, രാജ്യത്തെ വിവിധ അധോലോക സംഘങ്ങളിൽപ്പെട്ടവരും ഉണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരും മേഖലകളിൽ താമസിച്ചിരുന്നുവെന്നാണ് വിവരം.

അടുത്തിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്ത കള്ളക്കടത്ത്, ലഹരി മരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്തിയത് പാങ്ങോട് സൈനിക കേന്ദ്രത്തിന് ചുറ്റുമായി താമസിച്ചവരിലേക്കായിരുന്നു. ഇതോടെയാണ് മേഖലകളിൽ ഭീകരർ ഉൾപ്പെടെ തമ്പടിച്ചതായുള്ള വിവരം ലഭിച്ചത്.

ഇന്നലെ ശ്രീലങ്കയിൽ നിന്നുള്ള ഭീകരരുടെ സംഘം കൊച്ചിയിലേക്ക് കടന്നായി രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരർ തലസ്ഥാന നഗരിയിൽ താമസിച്ചിരുന്നുവെന്ന വിവരം കൂടി പുറത്തുവരുന്നത്.