ന്യൂഡെൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുന്നതിനും വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും നിലവിൽ ആർടി-പിസിആർ പരിശോധന ഫലം നിർബന്ധമാണ്.
വാക്സിൻ സർട്ടിഫിക്കറ്റുകൾക്ക് സമാനമായി ഇനി കൊറോണ പരിശോധന ഫലവും കോവിൻ വെബ്സൈറ്റുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇത് ഉടൻ തന്നെ പ്രാബല്യത്തിലാകുമെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി മേധാവി ആർഎസ് ശർമ്മ പറഞ്ഞു.
ഡിജിറ്റൽ സിഗ്നേച്ചറോട് കൂടിയ ആർടിപിസിആർ പരിശോധന ഫലം കോവിൻ സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിലവിൽ വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് പോലെയുള്ള സംവിധാനം ഒരുക്കുകയാണ് തങ്ങളെന്നും ശർമ്മ വ്യക്തമാക്കി.
പുതിയ സംവിധാനം വരുന്നത് പ്രവാസികൾക്കടക്കം സഹായകരമാണ്. മിക്ക രാജ്യങ്ങളിലേക്കും ഇപ്പോൾ യാത്ര ചെയ്യണമെങ്കിൽ 72 അല്ലെങ്കിൽ 96 മണിക്കൂർ മുമ്പായി എടുത്ത ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാണ്. അതേ സമയം പലരാജ്യങ്ങളും കോവിൻ സൈറ്റിനെ വാക്സിൻ പാസ്പോർട്ടായി അംഗീകരിച്ചിട്ടില്ല എന്നതും ഇതിന് കല്ലുകടിയാണ്.
ഓരോ രാജ്യത്തിന്റേയും ഡിജിറ്റൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഒരു ഡിജിറ്റൽ പാസ്പോർട്ടായി അംഗീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടി ഉണ്ടാക്കാനുള്ള നിരവധി ശ്രമങ്ങൾ നടന്നെങ്കിലും അത് ഫലവത്തായിട്ടില്ലെന്ന് ശർമ്മ പറഞ്ഞു.
അതേ സമയം ഇപ്പോൾ ഉഭയകക്ഷ അടിസ്ഥാനത്തിലുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഒരു രാജ്യം നമ്മുടെ വാക്സിൻ പാസ്പോർട്ട് അംഗീകരിക്കുന്നുണ്ടെങ്കിൽ നമ്മൾ അവരുടേതും അംഗീകരിക്കും. അത്തരം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ ചർച്ചകൾ നടത്തി വരികയാണ്. അന്താരാഷ്ട്ര നിലവാരത്തിൽ തന്നെയാണ് ഇന്ത്യ വാക്സിൻ പാസ്പോർട്ട് സജ്ജീകരിച്ചിട്ടുള്ളതെന്നും ശർമ്മ അറിയിച്ചു.
ക്യൂ ആർ കോഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ യഥാർത്ഥത്തിൽ വേണ്ട എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രാലയവുമായും വിദേശകാര്യ മന്ത്രാലയവുമായും സഹകരിച്ചുകൊണ്ടാണ് ഇതിന്റെ പാക്കറ്റ് സൃഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.