വാഷിംഗ്ടണ്‍: റോക്കറ്റ് വിക്ഷേപണ കാഴ്ചകള്‍ പുത്തന്‍ അനുഭവമല്ല. എന്നാല്‍ വിക്ഷേപണ സമയത്ത് ഡപ്പാംകുത്ത് കളിക്കുന്ന റോക്കറ്റായാലോ?. അത്തരമൊരു റോക്കറ്റ് വിക്ഷേപണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചിരിപടര്‍ത്തുന്നത്. കുത്തനെ പറക്കേണ്ട റോക്കറ്റ് നിന്നിടത്ത് തന്നെ തുള്ളുന്ന കാഴ്ചയെ വിക്ഷേപണ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ പോലും രസകരമായാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അവതരിപ്പിച്ചത്.
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്ട്ര എന്ന സ്വകാര്യ സ്‌പേസ് റിസര്‍ച്ച് കമ്പനിയുടേതാണ് വിക്ഷേപണത്തിനിടെ ഡാന്‍സ് കളിച്ച റോക്കറ്റ്. ആസ്ട്രയുടെ മേധാവി ക്രിസ് കെംപ് തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതും. ആസ്ട്രയുടെ റോക്കറ്റ് 3.3യെ ഭ്രമണപഥത്തിലെത്തിക്കാനുള്ള മൂന്നാമത്തെ വിക്ഷേപണ ശ്രമമാണ് ഇത്തരത്തില്‍ പാളിപോകുന്നത്.
ശനിയാഴ്ചയാഴ്ച വൈകിട്ടായിരുന്നു സംഭവം. റോക്കറ്റിന്റെ എഞ്ചിന്‍ സംബന്ധിച്ച തകരാണ് സംഭവിച്ചതെന്ന് അധികൃതര്‍ പറയുന്നു. പ്രശനം കണ്ടെത്തി പരിഹരിച്ച് വിക്ഷേപണ ദൗത്യവുമായി ഇനിയും വരുമെന്ന് ആസ്ട്രയുടെ മേധാവിയും സ്ഥാപകനുമായ ക്രിസ് കെംപ് അറിയിച്ചു.