കാസർഗോഡ് : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് വിഐപി പരിഗണന. കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ടു വർഷത്തോളമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സിപിഎം പ്രവർത്തകർക്കാണു വി ഐ പി പരിഗണന നൽകിവരുന്നത്.
കേസിലെ പ്രതികളായ പ്രദീപ് കുട്ടൻ,ഗിജിൻ സജി എന്നിവർ നിരന്തരമായി ഫോണുകളെ സംസാരിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നു. പ്രതികൾ നിരന്തരമായി സിപിഎം നേതാക്കളെയും അഭിഭാഷകരെയും കുടുംബാംഗങ്ങളെയും വിളിച്ച് സംസാരിക്കുന്നതിന് തെളിവുകളാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് തന്നെ ചോർന്നത്.
കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ഒരേ നമ്പറിൽ നിന്ന് തന്നെയായി വീഡിയോ കോളും മറ്റും ഫോണും വരുന്നത്.ജയിലിനുള്ളിൽ നിന്ന് പാർട്ടി പ്രവർത്തകരെ വിളിച്ചപ്പോൾ ഉള്ള വീഡിയോ കോളിന്റെ ചിത്രം സഹിതമാണ് പാർട്ടിക്കാർ ഇപ്പോൾ പ്രചരണം നടത്തുന്നത്.
ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ ക്രിമിനൽ സംഘത്തിന് പാർട്ടിയുടെ ഒത്താശ ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതികൾക്ക് നിരന്തരം ഫോൺ വിളിക്കാൻ അനുമതി ലഭിച്ചത് തന്നെ ഭരണത്തിന്റെ തണലിലാണ്. കേസിൽ ഒന്നാം പ്രതി പീതാംബരൻ, സജി,സുരേഷ്, അനിൽ, ഗിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ് അപ്പു എന്ന രതീഷ്, പ്രദീപ് കുട്ടൻ മുരളി എന്നിവരാണ് ജയിലിലുള്ളത്.
2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെ ആണ് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ ബൈക്കിൽ സഞ്ചരിക്കുമ്പോൾ പിന്തുടർന്നെത്തിയ സിപിഎം പ്രവർത്തകർ നിഷ്ഠൂരമായി വെട്ടിനുറുക്കിയത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചു കുളമാക്കിയ കേസ് സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇപ്പോൾ സിബിഐ ആണ് അന്വേഷിക്കുന്നത്.