തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഇല്ലാത്ത മോഷണത്തിന്‍റെ പേരില്‍ അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും അപമാനിച്ചതില്‍ പിങ്ക് പൊലീസിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത് അമിതാവേശമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോൺ മോഷണത്തിന്‍റെ പേരില്‍ പൊലീസ് പീഡിപ്പിച്ച ടാപ്പിങ് തൊഴിലാളി ജയചന്ദ്രന്റേത് സത്യസന്ധതയ്ക്ക് സമ്മാനം ലഭിച്ച ചരിത്രമുണ്ട്. രണ്ട് വർഷം മുൻപ് വേങ്ങോട് ജംക്‌ഷന് സമീപം ജയചന്ദ്രന് വഴിയിൽ കിടന്നു കിട്ടിയ വിലയേറിയ മൊബൈൽ ഫോൺ ഉടമയ്ക്ക് മടക്കി നല്‍കിയ ആളാണ് ജയരാജ്.
മോഷ്ടിക്കപ്പെട്ടുവെന്ന് ആരോപിച്ച ഫോൺ പിങ്ക് പൊലീസിന്റെ തന്നെ കാറിൽ നിന്ന് കണ്ടുകിട്ടുക കൂടി ചെയ്തതോടെ പൊലീസ് ഉത്തരമില്ലാതെ കുടുങ്ങുകയായിരുന്നു. പിങ്ക്പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായത് അമിതാവേശവും, ജാഗ്രതക്കുറവുമാണെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.
കേസില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലും അന്വേഷണം ആരംഭിച്ചു. ഇന്നലെ പൊലീസ് വീട്ടിലെത്തി അഛന്‍റേയും മകളുടേയും മൊഴിയെടുത്തു. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് റൂറല്‍ എസ്.പിയുടേയും നിര്‍ദേശം. ഡിജിപിക്കും അച്ഛനും മകളും പരാതി നല്‍കിയിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലവാകാശ കമ്മീഷനും കേസെടുത്തിരുന്നു.
പേടിച്ചു കരഞ്ഞ കുട്ടിയെ കൂടി അവഗണിച്ച് പൊലീസ് നടത്തിയ പരസ്യ വിചാരണ വിഡിയോ വഴി പ്രചരിച്ചതോടെ ബാലാവകാശ കമ്മിഷൻ ചെയർമാനും , ആറ്റിങ്ങൽ പൊലീസും വീട്ടിലെത്തി ബാലികയുടെ മൊഴിയെടുത്തു. കുട്ടിക്ക് അടിയന്തിരമായി കൗൺസിലിങ്ങിന് കമ്മിഷൻ നിർദേശം നൽകി. സംഭവം സംബന്ധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകുമെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി സുനീഷ് ബാബു പറഞ്ഞു. ഉന്നതാധികാരികൾക്ക് പരാതി നൽകാനാണ് പിതാവിന്റെ തീരുമാനം.
സിവിൽ പൊലീസ് ഓഫിസർ രജിതയ്ക്കെതിരെ ആണ് പിതാവിന്റെ മൊഴി എന്നാണ് സൂചന. പരാതി ലഭിച്ചിട്ടില്ലെന്നും വാർത്തകളുടെ അടിസ്ഥാനത്തിൽ നിജസ്ഥിതി പരിശോധിക്കുകയാണെന്നും ജില്ല പൊലീസ് മേധാവി പി. കെ. മധു പറഞ്ഞു. ആറ്റിങ്ങൽ ഊരൂപൊയ്ക സായിഗ്രാമത്തിന് സമീപം കോട്ടറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കട്ടിയാട് മലമുകൾ കല്ലുവെട്ടാൻകുഴി വീട്ടിൽ ജയചന്ദ്രനും (38) മകൾ എട്ടുവയസ്സുകാരിയുമാണ് പൊലീസിന്റെ അപമാനത്തിന് ഇരയായത്.