കർണാലിൽ പൊലീസ് നടപടിക്കിടെ പരിക്കേറ്റ കർഷകൻ മരിച്ചു; രാജ്യവ്യാപക പ്രതിഷേധം; നാളെ കർഷക യോഗം

ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ പൊലീസ് നടപടിക്കിടെ പരിക്കേറ്റ കർഷകൻ മരിച്ചു. കർണാൽ സ്വദേശി സൂശീൽ കാജൾ ആണ് മരിച്ചത്. ഇയാൾക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. മരണകാരണം ഹൃദയസ്തംഭനമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

മൂന്നാം ഘട്ട സമരപ്രഖ്യാപനത്തിന് പിന്നാലെ കർണാലിലുണ്ടായ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം രാജ്യവ്യാപകമാക്കുകയാണ് കർഷകസംഘടനകൾ. കർഷകരുടെ തല തല്ലി പൊളിക്കാൻ നിർദ്ദേശം നൽകിയെന്ന ആരോപണം ഉയർന്ന കർണാൽ എസ് ഡി എം ആയുഷ് സിൻഹക്ക് എതിരെ നിയമനടപടികൾ ആലോചിക്കാൻ നാളെ കർണാൽ കർഷകർ യോഗം വിളിച്ചിട്ടുണ്ട്. എസ് ഡി എമ്മിനെ പുറത്താക്കാൻ സർക്കാർ തയ്യറാകണമെന്ന് കിസാൻ മോർച്ച ആവശ്യപ്പെട്ടു.

എന്നാൽ ഇന്നലെ നടന്ന പൊലീസ് നടപടിയെ ന്യായീകരിച്ച ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ, എസ് ഡി എമ്മിനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാനാണ് പൊലീസ് നടപടിയെന്ന വാദമാണ് ഖട്ടാറും ഉയർത്തുന്നത്.

ഇതിനിടെ ദേശീയപാത ഉപരോധം കർഷകർ അവസാനിപ്പിച്ചെങ്കിലും കർണാൽ ടോൾ പ്ലാസ ഉപരോധം തുടരുകയാണ്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പഞ്ചാബിൽ ഇന്ന് കർഷകർ റോഡ് ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.