സംസ്ഥാനത്ത് 234 വില്ലേജുകളിൽ ഓഫീസർമാരില്ല; ജനങ്ങൾ വലയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യൂവകുപ്പിലാകെ അഞ്ഞൂറോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് വില്ലേജ് ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. റവന്യൂവകുപ്പിൽ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നടക്കാതെവന്നതോടെ 234 വില്ലേജുകളിൽ ഓഫീസർമാരില്ല. പല വില്ലേജുകളിലും സമീപ വില്ലേജ് ഓഫീസർമാർക്കാണ് അധികച്ചുമതല.

പ്ലസ്ടു, കോളേജ് പ്രവേശന നടപടികൾക്കായി വിദ്യാർഥികൾക്കു വേണ്ടിവരുന്ന സർട്ടിഫിക്കറ്റുകളുടെ വിതരണത്തെ വില്ലേജ് ഓഫീസർമാരുടെ അഭാവം ബാധിക്കുന്നുണ്ട്. വില്ലേജ് ഓഫീസർക്കു പുറമേ ഡെപ്യൂട്ടി തഹസിൽദാർ, സ്പെഷ്യൽ വില്ലേജ് ഓഫീസർമാർ, സീനിയർ ക്ലാർക്ക് തസ്തികകളും നികത്താതെ കിടക്കുന്നുണ്ട്.

സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും സമയബന്ധിതമായി നടക്കാത്തതാണ് ഒഴിവുകൾ കൂടാൻ ഇടയാക്കുന്നതെന്നാണ് സംഘടനകളുടെ വാദം. ഒഴിവുകൾക്കനുസൃതമായാണ് വകുപ്പിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും നൽകുന്നത്. കൊറോണ പശ്ചാത്തലത്തിൽ സ്ഥലം മാറ്റത്തിനു തയ്യാറാക്കിയ ഓൺലൈൻ മാനദണ്ഡങ്ങളും തർക്കങ്ങൾക്കിടയാക്കിയിട്ടുണ്ട്. ജീവനക്കാരുടെ സംഘടനകൾ തമ്മിലുള്ള തർക്കങ്ങളും സംഘടനകൾക്കുള്ളിലെ തർക്കങ്ങളുമെല്ലാം സ്ഥലംമാറ്റത്തെയും സ്ഥാനക്കയറ്റത്തെയും ബാധിക്കുന്നുണ്ടെന്ന വിമർശനങ്ങളുമുണ്ട്.

വില്ലേജ് ഓഫീസർമാരുടെ അഭാവവും അധികച്ചുമതലയും സർട്ടിഫിക്കറ്റ് വിതരണമടക്കമുള്ളവയെ കാര്യമായി ബാധിക്കുന്നുണ്ട്. വരുമാനം, ജാതി, മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്തുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയാണ് വിദ്യാർഥികൾക്കു കൂടുതൽ വേണ്ടത്.

വില്ലേജ് ഓഫീസർമാരില്ലാത്തയിടത്തെന്നപോലെ വില്ലേജ് ഓഫീസർമാർക്ക് അധികച്ചുമതലയുള്ളയിടത്തും വിതരണം പ്രതിസന്ധിയാകുന്നുണ്ട്. സംസ്ഥാനത്താകെ 78 താലൂക്കുകളിലായി 1,670 വില്ലേജ് ഓഫീസുകളാണുള്ളത്.