കൊച്ചി: തെരുവുനായ്ക്കളെ ഭയന്ന് പുറത്തിറങ്ങാനാവാത്ത നിലയിൽ നഗരവാസികൾ. കൊച്ചിയുടെ തെരുവുകൾ നായ്ക്കൾ പിടിച്ചെടുത്ത നിലയിലാണ്. നേരം പുലരുമ്പോഴും രാത്രികാലങ്ങളിലുമാണ് തെരുവുകളിൽ നായ്ക്കളുടെ വിളയാട്ടം. എല്ലാ റോഡുകളും നായ്ക്കളുടെ നിയന്ത്രണത്തിലാണ്.
കൊച്ചിയിലെ മാർക്കറ്റുകളിൽ നായ്ക്കളുടെ എണ്ണം മുമ്പെങ്ങുമില്ലാത്ത വിധം പെരുകി. കാടുപിടിച്ച് കിടക്കുന്ന സ്ഥലങ്ങളാണ് ഇവയുടെ താവളം. ലോക്ഡൗൺ കാലത്ത് തീറ്റതേടി ധാരാളം നായ്ക്കൾ നഗരത്തിലേക്ക് എത്തിയതും തെരുവ് നായ് ശല്യം വർധിക്കാനിടയായി.
ജനങ്ങൾ പുറത്തിറങ്ങാത്തതിനാൽ ഗ്രാമപ്രദേശങ്ങളിൽ ലോക്ഡൗൺ കാലത്ത് നായ്ക്കൾക്ക് ഭക്ഷണം കിട്ടിയിരുന്നില്ല. ഹോട്ടലുകൾ അടച്ചിട്ടതും പ്രശ്നമായി. തെരുവിലുള്ള നായ്ക്കൾ പട്ടിണിയിലായി. വീട്ടിൽ വളർത്തുന്ന നായ്ക്കളെ പ്രായമാകുമ്പോൾ തെരുവുകളിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നതും കൊച്ചിയിൽ പതിവായിരിക്കുകയാണ്.
ഫോർട്ടുകൊച്ചി കടപ്പുറത്ത് എവിടെ നോക്കിയാലും തെരുവുനായ്ക്കളുടെ ആധിപത്യമാണ്. വീടുകളിൽ വളർത്തിയ ശേഷം ഉപേക്ഷിക്കുന്ന നായ്ക്കളാണ് ഫോർട്ടുകൊച്ചിയിൽ കൂടുതലായുള്ളത്. ഇവയ്ക്ക് ഭക്ഷണം തേടിയുള്ള ശീലമില്ല. സമയാസമയങ്ങളിൽ ഭക്ഷണം ലഭിച്ചിരുന്ന ഇത്തരം നായ്ക്കൾ, അതു കിട്ടാതെ വരുമ്പോൾ അക്രമാസക്തരാകുന്നത് വലിയ പ്രശ്നമായിട്ടുണ്ട്.
‘പട്ടിയെ പേടിച്ച് പുറത്തിറങ്ങി നടക്കാനാകുന്നില്ല’ എന്ന് വ്യാപകമായ പരാതിയാണ് കൊച്ചിയിൽ. പുലർകാലങ്ങളിലാണ് നായ്ക്കൾ കൂടുതലും പുറത്തിറങ്ങുന്നത്. റോഡുകൾ ഈസമയത്ത് പൊതുവെ വിജനമായിരിക്കും. കൂട്ടംകൂടി വരുന്ന നായ്ക്കൾ റോഡിൽ നിലയുറപ്പിക്കും. ഈ സമയത്താണ് പ്രഭാത നടപ്പുകാരുടെ വരവ്. ലോക്ഡൗൺ പിൻവലിച്ചതോടെ, നടപ്പുകാരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ ലോക്ഡൗണിനു ശേഷം തെരുവുകളിൽ നായ്ക്കളുടെ ശല്യം കൂടിയതായി പതിവ് നടപ്പുകാർ പറയുന്നു.
എതിരെ വരുന്ന നായകൾ എന്തു ചെയ്യുമെന്ന് നിശ്ചയമില്ല. ചിലപ്പോൾ അവ നടപ്പുകാരുടെ പിന്നാലെ കൂടും. അവർക്കു നേരേ കുരച്ച് ചെല്ലും. ഓടാൻ ശ്രമിച്ചാൽ നായകൾ പിന്നാലെ ഓടും. പേടിച്ചിട്ട് നടക്കാൻ കഴിയുന്നില്ലെന്നാണ് ആളുകളുടെ പരാതി.
ലോക്ഡൗൺ കാലത്ത് ഹോട്ടലുകളെല്ലാം അടച്ചുവെങ്കിലും മീൻ മാർക്കറ്റുകൾ പ്രവർത്തിച്ചിരുന്നു. കൊച്ചിയിലെ മീൻ മാർക്കറ്റുകളിലേക്ക് ധാരാളം നായ്ക്കളെത്തി. മീൻ വഞ്ചികൾ അടുക്കുന്ന ലാൻഡിങ് സെന്ററുകൾക്കടുത്തും നായ്ക്കൾ പെരുകി. ഇടക്കൊച്ചിയിൽ കായലോരത്താണ് നായ്ശല്യം കൂടുതൽ. കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലും നായ്ക്കളുണ്ട്. നായ്ശല്യം ഒഴിവാക്കാൻ ഇടപെടണമെന്ന് നഗരസഭാംഗങ്ങൾ തുടർച്ചയായി ആവശ്യപ്പെടുന്നുണ്ട്. നാട്ടുകാർ പരാതി പറയുന്നത് നഗരസഭാംഗങ്ങളോടാണ്. ചിലർ ഇക്കാര്യം നഗരസഭാ കൗൺസിലിലും അവതരിപ്പിച്ചിരുന്നു
നായ്ശല്യം വലിയ പ്രശ്നമായി മാറിയതോടെ, തെരുവുനായ്ക്കളെ പിടിച്ച് വന്ധ്യംകരണം ചെയ്യുന്ന എ.ബി.സി. പദ്ധതിയുമായി കൊച്ചി നഗരസഭ രംഗത്തിറങ്ങി. ഇതിനായി കൊച്ചി നഗരത്തിൽ ആറ് ജീവനക്കാരെ താത്കാലികമായി നിയമിച്ചതായി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടികെ അഷറഫ് പറഞ്ഞു. നായ്ക്കളെ പിടിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ബ്രഹ്മപുരത്താണ് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കിയിട്ടുള്ളത്. മൂന്ന് വെറ്ററിനറി ഡോക്ടർമാരെ ഇതിനായി നിയമിച്ചിട്ടുണ്ട്.