തിരുവല്ല: കൊറോണ അനന്തര വ്യായാമത്തിന്റെ ഭാഗമായി 18 മണിക്കൂര്‍ നിര്‍ത്താതെ നടന്ന സച്ചിന് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടി. നീരേറ്റുപുറം പട്ടരുപറമ്പില്‍ സോമകുറുപ്പിന്റെയും വിജയലക്ഷ്മി യുടെയും മകനായ സച്ചിന് സോമനാണ് (24) ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയത്.
കൊറോണ ഭേദമായതിന് ശേഷം നടത്തം പരിശീലിച്ചിരുന്ന സച്ചിന് കഴിഞ്ഞ ജൂലൈ 10 ന് രാത്രി 12 മണി മുതല്‍ അടുത്ത ദിവസം വൈകിട്ട് 10.55 വരെ 18 മണിക്കൂര്‍കൊണ്ട് 75.5 കിലോമീറ്റര്‍ നടന്ന് 1,10,972 സ്റ്റെപ്സ് മൊബൈല്‍ അപ്പുകളുടെ സഹായത്തോടെ പൂര്‍ത്തീകരിച്ചാണ് റെക്കോര്‍ഡിന് അര്‍ഹത നേടിയത്.
നടത്തം പൂര്‍ത്തിയാക്കിയ സച്ചിന് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിലേക്ക് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയുടെ ഭാഗമായി ജൂറി അംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് സച്ചിന് അവാര്‍ഡിന് അര്‍ഹനായത്.
മുംബൈ സ്വദേശി ബാലാജി സൂര്യവന്‍ഷിയുടെ റിക്കാര്‍ഡായ 20 മണിക്കൂറില്‍ 67.8 കിലോമീറ്റര്‍, 1,00,128 എന്ന റെക്കോര്‍ഡാണ് സച്ചിന് മറികടന്നത്.