കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഗവർണർ അറിയാതെ ബോർഡ് ഓഫ് സ്റ്റഡീസ് പുന:സംഘടന; പ്രൈവറ്റ് ട്യൂഷന് നടപടി നേരിട്ട അധ്യാപകനും ഉപസമിതിയിൽ

തിരുവനന്തപുരം: സർവ്വകലാശാലകളിൽ വീണ്ടും വഴിവിട്ട നീക്കങ്ങൾ. കണ്ണൂർ യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഗവർണർ അറിയാതെ കണ്ണൂർ സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസുകൾ പുന:സംഘടിപ്പിച്ച് രജിസ്ട്രാർ ഉത്തരവിറക്കി.

വിവിധ വിഷയങ്ങൾക്കുള്ള 72 ബോർഡുകളാണ് പുനഃസംഘടിപ്പിച്ചത്. രണ്ടു വർഷമാണ് ബോർഡുകളുടെ കാലാവധി. സർവകലാശാലാ നിയമമനുസരിച്ച് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യുവാനുള്ള അധികാരം ഗവർണറിൽ മാത്രം നിക്ഷിപ്തമാണ്.

സർവകലാശാല നിലവിൽ വന്ന 1996 മുതൽ ഗവർണറാണ് നാമനിർദേശങ്ങൾ നടത്തിയിട്ടുള്ളതും. യൂണിവേഴ്സിറ്റി ചട്ടങ്ങൾ സംരക്ഷിക്കാൻ
ബാധ്യസ്ഥനായ വൈസ് ചാൻസലർ നിയോഗിച്ച സിൻഡിക്കേറ്റിന്റെ മൂന്ന് അംഗ സമിതിയാണ് ഗവർണർക്ക് പകരം ബോർഡ് അംഗങ്ങളുടെ പേരുകൾ നിർദ്ദേശിച്ചത്. പ്രൈവറ്റ് ട്യൂഷന്റെ പേരിൽ ശിക്ഷാ നടപടിക്ക് വിധേയനായ സിൻഡിക്കേറ്റ് അംഗവും ഉപസമിതിയിൽ അംഗമാണ്.

വിവിധ കോഴ്‌സുകളുടെ സിലബസുകളും പാഠപുസ്തകങ്ങളും തയ്യാറാക്കുക,ചോദ്യപേപ്പർ തയ്യാറാക്കേണ്ടവരുടെ പാനൽ അംഗീകരിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് ബോർഡിനുള്ളത്. പ്രഖ്യാപിത ബോർഡിൽ സർക്കാർ, എയിഡഡ് കോളേജുകളിലെ മുതിർന്ന പല അധ്യാപകരെയും ഒഴിവാക്കി. യുജിസി യോഗ്യതകളില്ലാത്ത സ്വശ്രയ കോളേജ് അധ്യാപകരേയും കരാർ അധ്യാപകരേയും ഉൾപ്പെടു ത്തിയിട്ടുണ്ട്.

അക്കാദമിക് മേഖലയിൽ സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ബോർഡിൽ പൂർണമായും സിപിഎം അനുഭാവികളെ മാത്രമാണ് നാമനിർദ്ദേശം ചെയ്തിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. പുതുതായി നിയമിച്ചിട്ടുള്ള പല അംഗങ്ങളുടെയും ബയോ ഡാറ്റ ഗവർണർ പരിശോധിച്ചാൽ നാമനിർദേശം ചെയ്യില്ലെന്ന ത് കണക്കിലെടുത്താണ് ഗവർണറെ ഒഴിവാക്കിയതെന്നറിയുന്നു

യൂണിവേഴ്സിറ്റി ചട്ടങ്ങൾ അവഗണിച്ച് ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ച ഉത്തരവ് റദ്ദ് ചെയ്യണമെന്നും, യോഗ്യതയുള്ളവരെമാത്രം നാമനിർദേശം ചെയ്ത് ബോർഡ് പുനഃസംഘടിപ്പിക്കണമെ
ന്നും സേവ് യു ണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാറും സെക്രട്ടറി ഷാജർഖാനും ആവശ്യപ്പെട്ടു.

ഗവർണറെ ഒഴിവാക്കി ബോർഡുകളിൽ നാമനിർദ്ദേശം നടത്തിയ സിൻഡിക്കേറ്റ് ഉപസമിതി അംഗങ്ങളെയും ചട്ടവിരുദ്ധമായി ഉത്തരവിറക്കിയ രജിസ്ട്രാരറെയും തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്തണം. ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് യു ണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.