തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിങ്കളാഴ്ച മുതൽ രാത്രി പത്ത് മുതൽ പുലർച്ചെ ആറ് വരെയാണു രാത്രി കർഫ്യു. അടുത്ത ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താൻ ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. നേരത്തെ ജനസംഖ്യ അനുപാതം എട്ടിൽ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്.
സംസ്ഥാനത്തെ നിലവിലെ സ്ഥിതിയും അതിന്റെ സവിശേഷതകളും ഇന്ന് ചേർന്ന യോഗം വിലയിരുത്തി എങ്ങനെ മുന്നോട്ട് പോകാം എന്ന് ആലോചിച്ചപ്പോൾ ഈ രംഗത്തെ പ്രമുഖരേയും ആരോഗ്യവിദഗ്ധരെയും ചേർത്ത് ഒരു യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. കൊറോണ ചികിത്സാ രംഗത്ത് പരിചയമുള്ള പ്രമുഖ ഡോക്ടർമാർ, രാജ്യത്തെ പ്രമുഖ ആരോഗ്യ വിദഗ്ധർ, ഡോക്ടർമാർ എന്നിവരെയെല്ലാം ആ യോഗത്തിലേക്ക് ക്ഷണിക്കും.
സർക്കാർ നിലവിൽ സ്വീകരിച്ച നടപടികൾ യോഗത്തിൽ റിപ്പോർട്ട് ചെയ്യുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്യും. സെപ്റ്റംബർ ഒന്നിനാണ് ആ യോഗം ചേരുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണക്കാലത്തിനുശേഷം രോഗവ്യാപനം കൂടി. രോഗവ്യാപനം കൂടുന്നതനുസരിച്ച് ചികിൽസാ സൗകര്യം വർധിപ്പിച്ചിട്ടുണ്ട്. ഒരു ദിവസം അഞ്ചു ലക്ഷം വാക്സീൻവരെ വിതരണം ചെയ്യുന്നു. മരണ നിരക്കു പിടിച്ചു നിർത്താനും കഴിഞ്ഞു. എന്നാൽ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന അനുസരിച്ച് മരണവും വർധിക്കുന്നു.
കേരളത്തിൽ 2.78 കോടി ആളുകൾക്കു വാക്സീൻ വിതരണം ചെയ്തു.