മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ മഹാരാഷ്ട്ര സ്വദേശിനിയായ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ വിവാദ സര്‍ക്കുലറുമായി മൈസൂരു സര്‍വ്വകലാശാല. വൈകീട്ട് 6.30ന് ശേഷം വിദ്യാര്‍ഥിനികള്‍ പുറത്തിറങ്ങരുതെന്ന നിര്‍ദേശമാണ് സര്‍വ്വകലാശാല അധികൃതര്‍ നല്‍കിയിരിക്കുന്നത്.
പെണ്‍കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് സര്‍വ്വകലാശാല രജിസ്ട്രാര്‍ സര്‍ക്കുലറില്‍ പറയുന്നു. ‘വൈകീട്ട് 6.30ന് ശേഷം പെണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുത്. കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെണ്‍കുട്ടികള്‍ പോകാന്‍ പാടില്ല. വൈകീട്ട് ആറ് മുതല്‍ 9 വരെ ഈ പ്രദേശത്ത് സെക്യൂരിറ്റി ജീവനക്കാര്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കണം’ – സര്‍ക്കുലറില്‍ പറയുന്നു.
സര്‍ക്കുലര്‍ വിവാദമായതോടെ പ്രതികരണവുമായി സര്‍വകലാശാല രംഗത്തുവന്നു. ‘ കാമ്പസുകളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലെ വിദ്യാര്‍ഥിനികളുടെ സുരക്ഷയില്‍ പോലീസിന്റെ ഭാഗത്ത് നിന്നും ആശങ്കയും ആകുലതും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. ജനവാസമില്ലാത്ത ഈ പ്രദേശങ്ങളില്‍ പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് പോകരുതെന്നാണ് ഉദ്ദേശിച്ചത്’ – എന്ന് കോളേജ് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.
സര്‍ക്കുലറില്‍ ആണ്‍കുട്ടികളെ സംബന്ധിച്ച നിര്‍ദേശങ്ങളൊന്നുമില്ല. വെകീട്ട് 6.30വരെ മാനസ ഗംഗോത്രി പ്രദേശത്ത് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് പോകുന്നത് അധികൃതര്‍ വിലക്കിയിരിക്കുന്നു. അതേസമയം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍ തമിഴ്നാട്ടില്‍ നിന്നും അറസ്റ്റിലായി.
പീഡനത്തിനിരയായ മഹാരാഷ്ട്ര സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. യുവതിയുടെ ആരോഗ്യനിലയില്‍ ചെറിയ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.