ന്യൂഡെൽഹി: ഒടുവിൽ കേരളത്തിലെ ജില്ലാ കോൺഗ്രസ് അധ്യക്ഷരെ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്. അന്തിമ പട്ടികയ്ക്ക് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. അവസാന പട്ടികയിൽ മൂന്ന് ജില്ലകളിൽ മാറ്റങ്ങളുണ്ടായി. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നേരത്തേ നിശ്ചയിച്ച പേരുകളിൽ മാറ്റം വന്നത്. അതൃപ്തരായിരുന്ന ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും തൃപ്തിപ്പെടുത്തുന്നതാണ് പുതിയ പട്ടിക.
തലമുറ മാറ്റത്തിൻ്റെ പേരിൽ കോൺഗ്രസ് ജില്ലാ അധ്യക്ഷ പദവികൾ കൂട്ടത്തോടെ പിടിച്ചെടുക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നടത്തിയ നീക്കങ്ങൾ പാളി. ഗ്രൂപ്പ് പോരിൻ്റെ മറവിൽ സ്വന്തം ഗ്രൂപ്പ് വളർത്താനുള്ള വേണുഗോപാലിൻ്റെ നീക്കത്തിനെതിരേ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ചതോടെയാണ് വേണുഗോപാലിൻ്റെ തന്ത്രം പാളിയത്.
ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സ്വന്തം തട്ടകങ്ങളിൽ വിശ്വസ്തരെ ഡിസിസി പ്രസിഡൻ്റുമാരാക്കാൻ കഴിഞ്ഞു. കോട്ടയത്ത് ഉമ്മൻചാണ്ടി നിർദേശിച്ച നാട്ടകം സുരേഷും ആലപ്പുഴയിൽ ചെന്നിത്തലയുടെ നോമിനി ബാബു പ്രസാദുമാണ് അവസാന നമിഷം പട്ടികയിൽ ഇടംപിടിച്ചത്. ഇതുൾപ്പെടെ മൂന്ന് മാറ്റമാണ് അന്തിമ പട്ടികയിലുണ്ടായത്.
കോട്ടയത്ത് നേരത്തെ ഫിൽസൺ മാത്യൂസിനെയാണ് നിർദേശിച്ചിരുന്നത്. ഫിൽസണ് പകരമായി നാട്ടകം സുരേഷിനെ നിയോഗിച്ചപ്പോൾ ഇടുക്കിയിലും മാറ്റമുണ്ടായി. എസ്. അശോകനെ മാറ്റി സി.പി മാത്യുവിനെ ഇവിടെ ഡിസിസി പ്രസിഡന്റായി നിയോഗിച്ചു.
ആലപ്പുഴയിൽ കെ.പി.ശ്രീകുമാറിന്റെ പേരായിരുന്നു അന്തിമ പട്ടികയിലുണ്ടായിലരുന്നത്. ബാബു പ്രസാദിനെ വെട്ടിയാണ് ശ്രീകുമാറിനെ ഉൾപ്പെടുത്തിയത്. എന്നാൽ ചെന്നിത്തല ഉടക്കിട്ടതോടെ പ്രഖ്യാപനം വൈകി. ഉമ്മൻ ചാണ്ടിയും രമേശിനൊപ്പം ശക്തമായ പ്രതിഷേധം ഉയർത്തി. ഇതോടെ കോൺഗ്രസ് നേതൃത്വത്തിന് വെട്ടിത്തിരുത്തൽ വരുത്തേണ്ടിവന്നു.
ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ്
തിരുവനന്തപുരം: പാലോട് രവി, കൊല്ലം: പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട: പ്രഫ.സതീഷ് കൊച്ചുപറമ്പിൽ, ആലപ്പുഴ: ബി ബാബുപ്രസാദ്, കോട്ടയം: നാട്ടകം സുരേഷ്, ഇടുക്കി: സിപി മാത്യു, എറണാകുളം: മുഹമ്മദ് ഷിയാസ്, തൃശൂർ: ജോസ് വള്ളൂർ, പാലക്കാട്: എ. തങ്കപ്പൻ, മലപ്പുറം: വി.എസ്.ജോയ്, കോഴിക്കോട്: കെ. പ്രവീൺകുമാർ, വയനാട്: എൻ.ഡി. അപ്പച്ചൻ, കണ്ണൂർ: മാർട്ടിൻ ജോർജ്, കാസർകോട്: പി.കെ. ഫൈസൽ.