കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73 ആയി. 60 അഫ്ഗാന്‍ പൗരന്മാരും 13 യുഎസ് സേനാംഗങ്ങളുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരട്ട സ്ഫോടനം നടന്ന് കുറച്ച് സമയത്തിന് ശേഷം മൂന്നാമതും വിമാനത്താവള പരിസരത്ത് ആക്രമണമുണ്ടായതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം രാത്രി തന്നെ കാബൂളിലും മറ്റു ഭാഗങ്ങളിലുമായി കൂടുതല്‍ സ്ഫോടനങ്ങള്‍ നടന്നിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിമാനത്താവളത്തിനടുത്ത് മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെയും പരിഭ്രാന്തരായ ജനങ്ങള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും നിരവധി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണെന്നും ആംബുലന്‍സുകള്‍ ആവശ്യത്തിന് ലഭ്യമല്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.
അതേസമയം അമേരിക്കന്‍ സേനയേയും അവര്‍ക്ക് പിന്തുണ നല്‍കി പ്രവര്‍ത്തിച്ചവരേയുമാണ് തങ്ങള്‍ ലക്ഷ്യം വച്ചതെന്നാണ് കൊടുംഭീകരരായ ഐഎസിന്റെ വിശദീകരണം. ഐഎസിന്റെ അഫ്ഗാനിസ്ഥാനിലെ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സാണ് (ഐ.എസ്.ഐ.എസ് – കെ) ആക്രമണത്തിന് പിന്നിലെന്ന് അമേരിക്ക പറഞ്ഞു. ഈ ഭീകര ഗ്രൂപ്പിനെതിരെ തിരിച്ചടിക്കാന്‍ പെന്റഗണിന് നിര്‍ദേശം നല്‍കിയതായും അമേരിക്ക അറിയിച്ചു.
2011 ല്‍ 30 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം, അഫ്ഗാനിസ്ഥാനില്‍ നടന്ന ഒരു ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ യുഎസ് സൈനികര്‍ കൊല്ലപ്പെട്ടത് കാബൂള്‍ ചാവേറാക്രമണത്തിലാണ്. ആക്രമണത്തില്‍ ഐഎസിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികര്‍ ‘ഹീറോകള്‍’ ആണെന്ന് ജോ ബൈഡന്‍ പ്രശംസിച്ചു. ആഗസ്റ്റ് 31ഓടെ അമേരിക്കന്‍ സേനയുടെ പിന്മാറ്റം പൂര്‍ണമാകുമെന്ന് ആവര്‍ത്തിച്ച ബൈഡന്‍ ആ തീയതിക്ക് മുമ്പ് യുഎസ് സൈന്യം കഴിയുന്നത്ര ആളുകളെ പുറത്തെത്തിക്കുമെന്നും പറഞ്ഞു.
നേരത്തെ കാബൂള്‍ വിമാനത്താവളത്തിലെ സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി പൗരന്മാര്‍ക്ക് ജര്‍മനിയും അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹമിദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് നല്‍കിയിരുന്നത്.