Home National ഉത്തരാഖണ്ഡില്‍ അതിശക്തമായ മഴ; ഡെറാഡൂണ്‍-ഋഷികേശ് പാലം തകര്‍ന്നു; നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി

ഉത്തരാഖണ്ഡില്‍ അതിശക്തമായ മഴ; ഡെറാഡൂണ്‍-ഋഷികേശ് പാലം തകര്‍ന്നു; നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി

0

ഡെറാഡൂൺ: ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഴയില്‍ ഉത്തരാഖണ്ഡില്‍ വന്‍ നാശനഷ്ടങ്ങള്‍. കനത്ത മഴയില്‍ റാണി പൊഖാരി ഗ്രാമത്തിന് സമീപമുള്ള ഡെറാഡൂണ്‍-ഋഷികേശ് പാലം തകര്‍ന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ നദിയില്‍ ഒലിച്ചുപോയി. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പാലം രണ്ടായതോടെ ഋഷികേശ്-ദേവപ്രയാഗ്, ഋഷികേശ്-തെഹ്റി, ഡെറാഡൂണ്‍-മസ്സൂറി തുടങ്ങിയ പ്രധാന പാതകള്‍ അടച്ചു. വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും ഗുരുതരമായ വെള്ളക്കെട്ട് ഭീഷണിയും തുടരുന്നുണ്ട്. ഡെറാഡൂണിലെ മാല്‍ദേവത-സഹസ്രധാര ലിങ്ക് റോഡ് പൂര്‍ണമായും നദിയില്‍ മുങ്ങി.

മഴ ശാന്തമാകുന്നത് വരെ പരമാവധി യാത്രകള്‍ ഒഴിവാക്കണമെന്നും അപകട മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ ഒരുകാരണവശാലും യാത്ര ചെയ്യരുതെന്നും ഉത്തരാഖണ്ഡ് പോലീസിന്റെ നിര്‍ദേശമുണ്ട്. പ്രദേശത്ത് ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാദൗത്യവും പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 29 വരെ ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

LEAVE A REPLY

Please enter your comment!
Please enter your name here