പാലക്കാട്: സേലത്ത് കേരളത്തിന്റെ വൻ സ്പിരിറ്റ് വേട്ട. കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന 10,850 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. സേലം ശ്രീനായിക്കാംപെട്ടിയിൽ സ്വകാര്യ ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരശ് എന്നിവരെയാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്.
പാലക്കാട് എക്സൈസ് ഇൻറലിജൻസും എക്സൈസ് എൻഫോഴ്സും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്. സ്വകാര്യ ഗോഡൗണിൽ 310 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയുടേതാണ് ഗോഡൗണെന്നാണ് സൂചന.
കേരളത്തിലെത്തിക്കാൻ മധ്യപ്രദേശിൽ നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് എക്സൈസ് സംഘം പറഞ്ഞു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പക്ടർ പി.സി. സെന്തിലിൻറെ നേതൃത്യത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. രണ്ട് വർഷത്തിനുള്ളിൽ കേരള എക്സൈസ് സംഘം തമിഴ്നാട്ടിൽ പിടിക്കുന്ന നാലാമത്തെ കേസാണിത്.